പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവം വിജയിപ്പിക്കാനായി സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ചടങ്ങിൽ ട്രെയിനർ വികാസ് കെ എസ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ, പ്രധാനാധ്യാപകർ, വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബി പി സി മധുസൂദനൻ എം സ്വാഗതം പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടി എല്ലാവർഷവും സ്കൂളുകളിൽ നടത്തിവരുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങൾ. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്ന് തിരിച്ചറിയാൻ രക്ഷാകർത്താക്കൾക്കും സമൂഹത്തിനും അവസരം ലഭിക്കുന്നതിനായി വിദ്യാലയത്തിലെ മികവുകൾ വിലയിരുത്തപ്പെടുന്ന വേദികളാണ് പഠനോത്സവങ്ങൾ.

പന്തലായനി ബി.ആർ.സി പരിധിയിൽ 78 സ്കൂളുകളിലും പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്. 5 പഞ്ചായത്തുകളിലായി പഞ്ചായത്ത് തലം, മുനിസിപ്പൽ തലം ആകർഷകമാക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ പഠനോത്സവം ബ്ലോക്ക് തലത്തിൽ വളരെ വിപുലമായി നടത്തുന്നതിനു മുന്നോടിയായാണ് സ്വാഗത സംഘം രൂപീകരിച്ചത്.

ഏപ്രിൽ 27ന് കാപ്പാട് ബീച്ചിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ ഷാഫി പറമ്പിൽ എം പി, കാനത്തിൽ ജമീല എം എൽ എ , ഷീജ ശശി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), സുധ കിഴക്കേപ്പാട്ട് (മുനിസിപ്പാലിറ്റി ചെയർപെഴ്സൺ), മഞ്ജു എം കെ (കൊയിലാണ്ടി എ ഇ ഒ) എന്നിവർ രക്ഷാധികാരികളായുള്ള സ്വാഗത സംഘം വിദ്യാർത്ഥികളുടെ മികവുകൾ അവതരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
