KOYILANDY DIARY.COM

The Perfect News Portal

പണിവരും ഗൂഗിൾ പേയിലും; മുന്നറിയിപ്പുമായി പൊലീസ്

ഗൂഗിൾ പേ വഴി അബദ്ധത്തിൽ പണമയച്ചതായും തിരിച്ചയക്കണമെന്നും അഭ്യർത്ഥിച്ച്‌ ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. പരിചയമില്ലാത്ത ആൾക്കാരാണെങ്കിൽ പണികിട്ടും ഉറപ്പ്‌. ഇത്തരത്തിൽ പണം നഷ്ടമായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്‌ നൽകുകയാണ്‌ പൊലീസ്‌.

പണം തിരിച്ചയക്കാൻ ക്യുആർ കോഡ്‌ അയച്ചാണ്‌ ഒരു തട്ടിപ്പ്‌. നമ്മൾ ശ്രദ്ധിക്കാതെ പണം തിരിച്ചയക്കും. എന്നാൽ, അവർ അയച്ച തുകയിൽനിന്ന്‌ കൂടിയ തുകയായിരിക്കും അതിൽ സെറ്റ്‌ ചെയ്‌തിട്ടുണ്ടാകുക. അതുപോലെ പണമയച്ചതായുള്ള വ്യാജ സന്ദേശംകാട്ടിയും തട്ടിപ്പ്‌ നടത്തും. എസ്‌എംഎസ്‌ വിശ്വസിച്ച്‌ പണം അയച്ചാൽ അതും പോയിക്കിട്ടും.

പേയ്‌മെന്റ്‌ ആപ്പുകൾ വഴി പണമയച്ചതായി അപരിചിതർ വിളിച്ചാൽ ഒരു തരത്തിലും പ്രതികരിക്കരുത്‌. അവരോട്‌ എൻസിപിഐ (നാഷണൽ പേയ്‌മെന്റ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ) സൈറ്റിൽ പരാതിപ്പെടാൻ പറയുക. ഇനി നമ്മൾ പണം അയച്ചുപോയെങ്കിൽ തിരിച്ചുപിടിക്കാനും ഇതേ സൈറ്റിൽ പരാതിപ്പെടാം. ഇതിനായി വൈബ്‌സൈറ്റിലെ ‘കൺസ്യൂമർ’ എന്ന ഓപ്‌ഷനിൽ ‘യുപിഐ കംപ്ലയിന്റ്‌’ ക്ലിക്ക്‌ ചെയ്യുക. ശേഷം ‘ട്രാൻസാക്ഷൻ’ എന്ന ഓപ്‌ഷനിൽ മുഴുവൻ വിവരങ്ങളും നൽകുക. എൻസിപിഐ അതോറിറ്റി പരാതിക്കാരെ നേരിട്ട്‌ ബന്ധപ്പെടും.

Advertisements

 

പൊലീസ്‌ ചമഞ്ഞും സിബിഐ ചമഞ്ഞും പണം തട്ടുന്ന സൈബർ തട്ടിപ്പ്‌ സംഘം ഗൂഗിൾ പേ വഴിയും തട്ടിപ്പ്‌ നടത്തുന്നതായി റിപ്പോർട്ടുണ്ട്‌. ചെറിയ തുകയായതിനാൽ ആരും പരാതിപ്പെടാൻ മിനക്കെടാറില്ല. വീട്ടുകാരുടെയോ മക്കളുടെയോ സുഹൃത്തുക്കളെന്ന്‌ പറഞ്ഞും വിളികൾ വരാം. അടിയന്തര ആവശ്യമാണെന്ന വിളിയിൽ സംശയം വന്നാൽ പരിശോധിച്ച്‌ ഉറപ്പുവരുത്തി മാത്രമേ പണം അയക്കാവൂവെന്ന്‌ പൊലീസ്‌ പറയുന്നു.

 

Share news