പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു. ചടങ്ങിൽ ആരോഗ്യ വകുപ്പ് റിട്ട: സീനിയർ കൺസൾട്ടെൻ്റ് ഡെർമറ്റോളജി ഡോ. കെ.വി. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി എം. രാജീവൻ പദ്ധതി വിശദീകരിച്ചു. പരിശീലനം നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് & ഇൻ്റഗ്രറ്റീവ് മെഡിസിൻ നാഷണൽ ട്രെയിനറും ദേശീയ സേവാഭാരതി കേരളത്തിൻ്റെ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങ് പ്രൊജക്ട് ഡയറക്ടറുമായ ജോസ് പുളിമൂട്ടിൽ നയിക്കും.

“വാർദ്ധക്യം കൊണ്ടും മറ്റു രോഗങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് മാധവന്മാർ വീടിന്റെ അകത്തളങ്ങളിൽ കിടപ്പിലുണ്ട്. അവർക്കുള്ള സേവയാണ് മാനവസേവ മാധവ സേവ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സേവാഭാരതിയുടെ പ്രവർത്തനം,” എന്ന് പരിശീലനം ആരംഭിച്ചുകൊണ്ട് . ജോസ് പുളിമൂട്ടിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാനസികവും ശാരീരികവും ആയ പരിചരണം നൽകുന്നതിനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുന്ന സിലബസ് പ്രകാരമാണ് ഈ പരിശീലനം നടക്കുന്നത്.
സുനീഷ്, ശ്രീജാവിജയ്, വി.എം. മോഹനൻ, കെ കെ എം രജി എന്നിവർ സംസാരിച്ചു. ഗുരുജി വിദ്യാനികേതൻ സ്കൂളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ പരിശീലനം സമാപിക്കും. കോഴിക്കോട് ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു.
