വനിതാ കോച്ചില്‍ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടതില്‍ പ്രകോപനം: മുംബൈയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മധ്യവയസ്കൻ പെണ്‍കുട്ടിയെ തള്ളിയിട്ടു; അറസ്റ്റ്
.
മുംബെയില്‍ വനിതാ കോച്ചില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. മുംബൈ ലോക്കല്‍ ട്രെയിനിലെ വനിതാ കോച്ചിലേക്ക് കയറിയ മധ്യവയസ്കനോട് സ്ത്രീകള്‍ ഇറങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രകോപിതനായ പ്രതി 18 വയസ്സുള്ള പെൺകുട്ടിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.

പൻവേൽ-സിഎസ്എംടി ട്രെയിനിന്റെ കോച്ചിലാണ് സംഭവം നടന്നത്. അതിക്രമം നടത്തിയ ഷെയ്ഖ് അക്തർ നവാസ് എന്നയാളെ പിന്നീട് കൊലപാതകശ്രമത്തിന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും അവളുടെ സുഹൃത്തും ഖാർഘറിലുള്ള കോളേജിലേക്ക് പോകുകയായിരുന്നു. പൻവേൽ സ്റ്റേഷനിൽ വെച്ച് രാവിലെ 7:59ന് ട്രെയിനിന്റെ വനിതാ കോച്ചിലേക്ക് പ്രതി കയറുകയായിരുന്നു.

പിന്നാലെ വനിതാ യാത്രികര്‍ ഇയാളോട് കോച്ചിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിക്കുകയും വനിതാ യാത്രികരുമായി വാക്കുതർക്കത്തിന് കാരണമാകുകയായിരുന്നു. പിന്നാലെ കോച്ചിന്റെ ഫുട്‌ബോർഡ് തൂണിന് സമീപം നിൽക്കുകയായിരുന്ന പെണ്‍കുട്ടിയെ തള്ളിയിടുകയും ട്രെയിനിൽ നിന്ന് വീഴുകയുമായിരുന്നു. വനിതാ യാത്രികര്‍ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സമീപവാസികളാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കിയ ശേഷം ആശുപത്രി വിട്ടു.




