KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ നുംഖോര്‍: വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതല്ല, നിയമപരമായി രജിസ്റ്റർ ചെയ്തതതെന്ന് നടൻ അമിത് ചക്കാലക്കല്‍

കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍. ഏഴ് വാഹനങ്ങളിൽ ഒന്നുമാത്രമാണ് തൻ്റേതെന്ന് നടൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ ലാൻഡ് ക്രൂയിസർ മാത്രമാണ് തൻ്റെ ഉടമസ്ഥതയിലുള്ള വണ്ടിയെന്ന് നടൻ വ്യക്തമാക്കി. 1999ൽ രജിസ്റ്റർ ചെയ്തത വണ്ടിയാണത്. അഞ്ച് വർഷമായി താൻ അത് ഉപയോഗിക്കുന്നുണ്ട്. അതിൻ്റെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള വാഹനത്തിൻ്റെ ഉടമസ്ഥർ വേറെയാണെന്ന് നടൻ പറഞ്ഞു.

ഗ്യാരേജിൽ നിർമാണത്തിനായി കൊണ്ടുവന്നതാണ് കസ്റ്റംസ് പിടിച്ചെടുത്ത ബാക്കിയുള്ള വാഹനങ്ങള്‍. ആറുമാസം മുൻപ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അന്നും രേഖകൾ ഹാജരാക്കിയതാണ്. രണ്ടു വർഷത്തിനിടയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് കസ്റ്റംസ് ഇപ്പോൾ പരിശോധിക്കുന്നത്. തൻ്റെ കയ്യിലുള്ള വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതല്ല. നിയമപരമായി രജിസ്റ്റർ ചെയ്തതാണ്. കസ്റ്റംസ് സംശയം പ്രകടിപ്പിച്ചാൽ നിയമപരമായി തെളിയിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ തൻ്റെ അഭിഭാഷകനോട് മോശമായി പെരുമാറുകയുണ്ടായി. സർച്ച് വാറണ്ട് ചോദിച്ചപ്പോൾ ഗെറ്റൗട്ട് എന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതെന്ന് നടൻ അമിത് ചക്കാലക്കല്‍ പറഞ്ഞു.

 

 

ഇന്നലെ ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ അമിത് ചക്കാലക്കലിൻ്റെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഭൂട്ടാൻ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന വാഹനം ചെറിയ വിലയ്ക്ക് വാങ്ങിയതിനു ശേഷം ഇടനിലക്കാര്‍ നടന്മാര്‍ക്കും വ്യവസായികള്‍ക്കും വലിയ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. കേരളത്തില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ വിറ്റുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നടൻ്റെ വീട്ടിലും റെയ്ഡ് നടന്നത്.

Advertisements
Share news