ഓണം സ്പെഷ്യൽ ഡ്രൈവ്; താമരശ്ശേരിയിലും നെയ്യാറ്റിൻകരയിലും വൻ ലഹരിവേട്ട

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ 55 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി അൽഷാജ്, ചുടലമുക്ക് സ്വദേശി ബാസിത് എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ പരിശോധന. ലഹരി വിൽപനയ്ക്ക് ഉപയോഗിക്കുന്ന കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി അമിത് കുമാർ അഗർവാൾ ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

