കോഴിക്കോട് ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് നരിക്കുനിയിൽ ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കൊടുവള്ളി ഇൻസ്പെക്ടർ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈമാറുന്നതിനിടെയാണ് പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശി മനാറുൽ ഹുസ്സൈൻ പിടിയിലായത്.

വട്ടപ്പാറ പൊയിലിലെ മനാറുൽ താമസിക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിൽപ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുകളായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഉൾപ്പെടെ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കുടുംബസമേതം വട്ടപ്പാറ പൊയിലിൽ താമസത്തിന് എത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കഞ്ചാവിന്റെ ഉറവിടം ഉൾപ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായി പ്രതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.

