പഴനിയിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലം നലകിയാൽ ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോർഡുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നിർദേശിച്ചു. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്സിക്യുട്ടീവ് ഓഫിസർ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയും ക്ഷേത്രവിശ്വാസികളുടെ സംഘടനാ നേതാവുമായ ഡി സെന്തിൽകുമാറിന്റെ ഹർജിയിലാണ് കോടതി വിധി.

