KOYILANDY DIARY

The Perfect News Portal

ന്യൂസ്‌ക്ലിക്ക്‌ റെയ്‌ഡ്‌: റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ നീതി കാണിച്ചില്ലെന്ന് ആർ. രോജഗോപാൽ

കോഴിക്കോട്‌: ന്യൂസ്‌ക്ലിക്ക്‌ റെയ്‌ഡ്‌ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ നീതിചെയ്‌തില്ലെന്ന്‌ ദി ടെലിഗ്രാഫ്‌ എഡിറ്റർ അറ്റ്‌ ലാർജ്‌ റോൾ ആർ രാജഗോപാൽ പറഞ്ഞു. രണ്ട്‌ മാധ്യമ പ്രവർത്തകരുടെ അറസ്‌റ്റായി മാത്രം  ന്യൂസ്‌ക്ലിക്ക്‌ റെയ്‌ഡിനെ കാണാനാകില്ല. 46 പേരുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. 46 മാധ്യമപ്രവർത്തകർക്കെതിരെ ഒറ്റദിവസം നടപടിയെടുത്തത്‌ രാജ്യ ചരിത്രത്തിൽ ആദ്യമാണ്‌. 
അടിയന്തരാവസ്ഥക്കാലത്തുപോലും അരങ്ങേറാത്ത ഭരണകൂടവേട്ടയാണ്‌ ഡൽഹിയിൽ നടന്നത്‌. എന്നാൽ ഇത്ര  ഭീകര സംഭവമായിട്ടും റിപ്പോർട്ടിങ്ങിൽ അത്‌ പ്രകടമായില്ല. ഒറ്റ പത്രവും ഒന്നാംപേജ്‌ ശൂന്യമാക്കി പ്രതിഷേധിച്ചില്ല. എം രാജേഷ്‌ അവാർഡ്‌ മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ്‌ ജേക്കബ്ബിന്‌ സമ്മാനിച്ച്‌ രാജഗോപാൽ പറഞ്ഞു. 
Advertisements
ഫോണും ലാപ്പും പിടിച്ചെടുത്താൽ പിന്നെ എങ്ങനെ ഇന്നത്തെ കാലത്ത്‌ മാധ്യമ പ്രവർത്തനം സാധ്യമാകും. നമ്മുടെ  സ്രോതസ്സ്‌‌, വിവരങ്ങൾ എല്ലാം ഇതോടെ നഷ്‌ടമാകും. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്‌ ഈ നടപടി. മാധ്യമപ്രവർത്തകർക്ക്‌ തൊഴിലിന്റെ ഭാഗമായ ഈ രണ്ടുപകരണങ്ങൾ സംരക്ഷിക്കാൻ നിയമമോ വ്യവസ്ഥയോ ഇല്ല. ക്രിമിനൽ നടപടിക്രമവും ദേശദ്രോഹനിയമവുമെല്ലാം   പഠിച്ചാലേ മാധ്യമ പ്രവർത്തനം നടത്താനാകൂ എന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലെ അവസ്ഥ.
മാധ്യമപ്രവർത്തനത്തിന്‌ വെല്ലുവിളിയാണ്‌ ഈ സാഹചര്യം.  വാർത്തകളിൽ തെറ്റുപറ്റിയാൽ മാപ്പ്‌ പറയുകയാണ്‌ ശരിയായ ശൈലി. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ  തെറ്റ്‌ തിരുത്തുന്നതിൽ വിമുഖതകാട്ടുകയാണ്‌. ഇത്‌ നല്ല പ്രവണതയല്ലെന്നും രാജഗോപാൽ പറഞ്ഞു. മാധ്യമം ജേർണലിസ്‌റ്റ്‌ യൂണിയൻ സംഘടിപ്പിച്ച  ചടങ്ങിൽ കെ പി റജി അധ്യക്ഷനായി. മാധ്യമം  ചീഫ്‌ എഡിറ്റർ ഒ അബ്ദുറഹ്മാൻ, ശ്രീജൻ ബാലകൃഷ്‌ണൻ, എം ഫിറോസ്‌ഖാൻ, കെ എ സെയ്‌ഫുദ്ദീൻ എന്നിവർ സംസാരിച്ചു. ടി നിഷാദ്‌ സ്വാഗതവും എ ബിജുനാഥ്‌ നന്ദിയും പറഞ്ഞു.