കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രികർക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തും; മന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രികർക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഹജ്ജിന് പോകുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കണ്ണൂരിലും നെടുമ്പാശേരിയിലും കുറവാണ്. കരിപ്പൂരിൽ നിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വിമാന കമ്പനികളുമായി ചർച്ചയും നടത്തി. നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രത്യേക സമയങ്ങളിൽ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുന്ന നടപടിയാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്.

കഴിഞ്ഞ വർഷവും കരിപ്പൂരിൽ നിരക്ക് കൂടുതലായിരുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടാണ് ഇതിന് പരിഹാരം കണ്ടത്. ഇത്തവണയും ബന്ധപ്പെട്ടവരെ ശക്തമായ എതിർപ്പ് അറിയിക്കും. ന്യൂനപക്ഷ വർഗീയതയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ അപലപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെയുള്ള ജനകീയ കൂട്ടായ്മയാണ് താനൂരിൽ ഉയർന്നതെന്നും മന്ത്രി പറഞ്ഞു.

