KOYILANDY DIARY.COM

The Perfect News Portal

തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന

തീപിടുത്തത്തെ തുടര്‍ന്ന് ആശങ്ക പടര്‍ത്തിയ വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന. പൂര്‍ണ നിയന്ത്രണത്തിലായ കപ്പലിനെ ഇരുമ്പുവട്ടം ഉപയോഗിച്ച് ടഗ്ഗുമായി ബന്ധിപ്പിച്ച് വലിച്ചു നീക്കുകയാണ്. ഇതോടെ കപ്പലും കൊച്ചി തീരവും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. തീ പിടിച്ച കപ്പലിലേക്ക് നാവിക സേന അംഗങ്ങള്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു.

തീപിടിച്ച കപ്പല്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ നിയന്ത്രണം വിട്ട് കൊച്ചി തീരത്തേക്ക് അടുത്തത് ആശങ്ക പടര്‍ത്തിയിരുന്നു. അതിനിടെയാണ് കപ്പലിനെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കാന്‍ നാവികസേനയ്ക്ക് കഴിഞ്ഞത്. കത്തിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് നാവികസേനാഗങ്ങള്‍ ഇറങ്ങി കപ്പലിനെ ഇരുമ്പു വടം കൊണ്ട് കെട്ടി ടഗുമായി ബന്ധിപ്പിക്കുകയായിരുന്നു. ഇതോടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയ കപ്പലിനെ പുറംകടലിലേക്ക് വലിച്ചുമാറ്റാന്‍ നീക്കം തുടങ്ങി.

 

കൊടുങ്ങല്ലൂര്‍ തീരത്തുകൂടി കൂടി കൊച്ചി തീരത്തേക്ക് അടുത്ത കപ്പല്‍ തീരമേഖലയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും 43 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍ നിന്നും 22 നോട്ടിക്കല്‍ മൈലും അടുത്ത് വരെ കപ്പല്‍ ഒരു ഘട്ടത്തില്‍ എത്തി. ഇതിനിടെയാണ് നാല് നാവിക സേനാംഗങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്നും കപ്പലിലേക്ക് ഇറങ്ങി സാഹസികമായി കപ്പലിനെ നിയന്ത്രണത്തില്‍ ആക്കിയത്. ഇതോടെ കൊച്ചി തീരവും കപ്പലും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു വരുകയാണ്.

Advertisements

 

കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ കൂടുതല്‍ ടഗുകള്‍ ഉപയോഗിക്കാന്‍ നാവികസേന തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ തീ അണക്കാനുള്ള ശ്രമങ്ങളും ശക്തമാക്കി. കൂടുതല്‍ ഫോമും ഡ്രൈ കെമിക്കല്‍ പൗഡറും കപ്പലിലേക്ക് എത്തിച്ചു. എന്നാല്‍ കാലാവസ്ഥ പ്രക്ഷുബ്ധമായി തുടരുന്നതാണ് ഭീഷണി. കപ്പല്‍ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കത്തുന്ന കപ്പല്‍ ആലപ്പുഴ തീരത്തേക്ക് അടുക്കും എന്നതാണ് ആശങ്ക.

Share news