KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത പ്രവൃത്തി; ബാലുശേരി – കോഴിക്കോട്‌ റൂട്ടിൽ യാത്ര ദുഷ്ക്കരം

കോഴിക്കോട്‌: ദേശീയപാത പ്രവൃത്തി; ബാലുശേരി – കോഴിക്കോട്‌ റൂട്ടിൽ യാത്ര ദുഷ്ക്കരം ദേശീയപാത പ്രവൃത്തിയുടെ ഭാഗമായുള്ള സർവീസ്‌ റോഡുകൾ തകർന്നതോടെ മിക്ക ബസുകളും ഓട്ടം നിർത്തിയത്‌ യാത്രക്കാരെ വലച്ചു. തോരാതെ പെയ്‌ത മഴയിലാണ്‌ ഈ ദുരിതം. കോഴിക്കോട്‌ നിന്ന്‌ ബാലുശേരി, കൂരാച്ചുണ്ട്‌, നരിക്കുനി ഭാഗങ്ങളിലേക്കുള്ള ബസുകളിൽ ഭൂരിപക്ഷവും ബുധനാഴ്‌ച നിരത്തിലിറങ്ങിയില്ല. ഈ റൂട്ടിലോടുന്ന വാഹനങ്ങൾ തണ്ണിർ പന്തൽ വഴിയാണ്‌ സർവീസ്‌ നടത്തിയിരുന്നത്‌. ആ വഴി അടച്ചതോടെ വാഹനങ്ങൾ  പറമ്പിൽ കടവിലൂടെയായി സർവീസ്‌.
ഇവിടെയുള്ള കടകളിലേക്കും മറ്റും വെള്ളം കയറുന്നതിനാൽ ചിലയിടങ്ങളിൽ നാട്ടുകാർ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധ സൂചകമായി വ്യാഴാഴ്‌ച ബാലുശേരി–- കോഴിക്കോട്ട്‌ റൂട്ടിലോടുന്ന ബസുകൾ  സൂചനാപണിമുടക്ക്‌ നടത്തുമെന്ന്‌ തൊഴിലാളികൾ പറഞ്ഞു. ഇടതടവില്ലാതെ വാഹനങ്ങൾ ഓടിയതിനെ തുടർന്ന്‌ തകർന്ന റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്‌. ഇതിൽ വെളളം കെട്ടിനിൽക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്‌.
കഴിഞ്ഞദിവസം തണ്ണീർപന്തൽ –-മാവിളിക്കടവ്‌ റോഡിൽ എംഎസ്‌എസ്‌ സ്‌കൂളിന്‌ സമീപം വലിയ കുഴി രൂപപ്പെട്ടിരുന്നു. ചരക്കുലോറി ഒരുമീറ്ററോളം താഴ്‌ചയുള്ള കുഴിയിൽ പതിക്കുകയുണ്ടായി. അതോടെ  അപകടം ഭയന്ന്‌ റോഡ്‌ താൽക്കാലികമായി അടച്ചു. സമയത്ത്‌ ഓടിയെത്താൻ കഴിയാത്തതിനാൽ പല ബസുകളും ട്രിപ്പ്‌ മുടക്കുകയാണ്‌. ബാലുശരി–-കോഴിക്കോട്‌ റൂട്ടിലോടുന്ന 45 ബസുകളിൽ 15 എണ്ണമാണ്‌ സർവീസ്‌ നടത്തിയത്‌. 
നരിക്കുനി റൂട്ടിലും സമാന അവസ്ഥയാണ്‌. ബുധനാഴ്‌ച തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, പറമ്പിൽ ബസാർ, മൂട്ടോളി വഴിയാണ്‌ ബസ്‌ സർവീസ്‌ നടത്തിയത്‌. ഇതുവഴി സർവീസ്‌ നടത്താൻ അനുമതിയില്ലാത്തത്‌ ബസ്‌ ജീവനക്കാരെ കുഴക്കി.  കോഴിക്കോട്‌–- കുറ്റ്യാടി റൂട്ടിലെ ഉള്ള്യേരി മുതൽ അത്തോളിവരെയുള്ള പാതയും ദയനീയാവസ്ഥയിലാണ്‌. റോഡ്‌ മുഴുവൻ കുണ്ടും കുഴിയുമാണ്‌. ഇവിടങ്ങളിൽ വെള്ളക്കെട്ട്‌ രൂക്ഷമായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാകുന്നു. ഇതോടൊപ്പം ഗതാഗത സ്‌തംഭനവുമുണ്ട്‌. 

 

Share news