‘ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനമാണ് എന്റെ ജീവിത ലക്ഷ്യം’: ഗോപിനാഥ് മുതുകാട്

ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ജീവിതത്തില്‍ നേരിടുന്ന ഓരോ പരാജയവും, വിജയത്തിലേക്കുള്ള ചവിട്ടുപടി ആക്കി മാറ്റണം. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച ‘മൈ പാരന്റ്സ് മൈ ഹീറോസ്’ എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട്.

ശനിയാഴ്ച കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നടക്കുന്ന ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ മാജിക് ഷോയുടെ മുന്നോടി ആയാണ് മ്യാജീഷനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവാദ പരിപാടി സംഘടിപ്പിച്ചത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് ആണ് വരാനിരിക്കുന്ന തന്റെ പ്രധാന സംരംഭമെന്നും സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കുട്ടികളെ ശാക്തീകരിക്കുന്നതിന് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്നപോലെ IIPDയും പ്രവര്‍ത്തിക്കും.

മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ഗോപിനാഥ് മുതുകാട് – മാജിക്കിന്റെ 45 വര്‍ഷങ്ങള്‍’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ‘മൈ പാരന്റ്സ് മൈ ഹീറോസ്’ പരിപാടിയുടെ ഭാഗമായി നടന്നു. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ മനസ്സിലാക്കി, അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

മുതുകാടിന്റെ ക്ലാസ് ഒരുപാട് ഉപകാരപ്രദമായി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ ഷോയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.

