KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി.

മെയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വെച്ച് ഒരാള്‍ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ സോളമനാണ് കൊല്ലപ്പെട്ടത്. സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരോട് കൊലപാതക വിവരം ഒരു ഇതര സംസ്ഥാന തൊഴിലാളി അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉണ്ടായിരുന്ന പൊലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്ക് പുറത്തേക്ക് ചോര ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുതലാളി മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

Advertisements
Share news