മലയോര ഹൈവേ; കണ്ണൂരിലെ കുടിയേറ്റ മേഖലയിലേക്ക് വികസനം അതിവേഗം

കണ്ണൂർ: വാഹനങ്ങൾ ചീറിപ്പായുന്ന അതേ വേഗതയിലാണ് മലയോര ഹൈവേ കണ്ണൂർ ജില്ലയിലെ കുടിയേറ്റ മേഖലയിലേക്ക് വികസനവുമെത്തിക്കുന്നത്. മാറ്റത്തിൻറെ ആഹ്ലാദാരവം മലയോരത്തെങ്ങും തൊട്ടറിയാം. പൊതുഗതാഗതം സുഗമമായി. മലഞ്ചരക്ക്,- സുഗന്ധദ്രവ്യ വ്യാപാര മേഖലയിൽ പുത്തനുണർവ്. പുത്തൻ വ്യവസായസംരംഭങ്ങൾ മുളച്ചുപൊന്തുന്നു.

പുതുതായി തുറന്നുകിട്ടിയ ടൂറിസം സാധ്യതകൾ ജനങ്ങൾക്ക് നേരിട്ട് അനുഭവേദ്യമാകുന്നു. നാടിൻറെ മുഖച്ഛായ മാറ്റിയതിനൊപ്പം കുടിയേറ്റ ജനതയുടെ ജീവിതത്തെയും ആഴത്തിൽ സ്വാധീനിക്കുകയാണ് സ്വപ്‌നപാത. ജില്ലയിൽ 126 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ചെറുപുഴ മുതൽ വള്ളിത്തോടുവരെയും വള്ളിത്തോടുമുതൽ മണത്തണവരെയും രണ്ടു റീച്ചുകളായാണ് പാത നിർമിച്ചത്.
ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 12 മീറ്റർ വീതി. അതിൽ ഏഴുമീറ്റർ വീതിയിൽ മികച്ച ഗുണനിലവാരത്തോടെ മെക്കാഡം ടാറിങ്. ചെറുപുഴ പുതിയ പാലംമുതൽ വള്ളിത്തോടുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും വള്ളിത്തോടുമുതൽ മണത്തണവരെ ഇരിക്കൂർ കൺസ്‌ട്രക്ഷൻസുമാണ് പ്രവൃത്തി നിർവഹിച്ചത്.
വിമാനത്താവള റോഡിൻറെ ഭാഗമായതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ താൽക്കാലിക പ്രവൃത്തിയേ നടത്തിയുള്ളൂ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഫണ്ട് അനുവദിക്കാതെ യുഡിഎഫ് സർക്കാർ തട്ടിക്കൂട്ടി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മലയോര ഹെെവേ. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതി, 2016ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തിയിലാണ് യാഥാർഥ്യമായത്. അധികാരത്തിലെത്തി നാലുവർഷം തികയുന്നതിനുമുമ്പ് ആദ്യഘട്ടം പൂർത്തിയാക്കി. പിന്നാലെ രണ്ടാം റീച്ചും.
