KOYILANDY DIARY

The Perfect News Portal

തെരുവുനായ ശല്യം പരിഹരിക്കാൻ കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കോഴിക്കോട്‌: തെരുവുനായ ശല്യം പരിഹരിക്കാൻ ജില്ലയിൽ കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ (എബിസി സെന്റർ) ഒരുങ്ങുന്നു. മുഴുവൻ ബ്ലോക്കിലും എബിസി കേന്ദ്രങ്ങൾ ഒരുക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടമായി രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌ ഒരുകേന്ദ്രം വീതം ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു.
ചെങ്ങോട്ട്‌കാവ്‌, വടകര, പേരാമ്പ്ര, കായക്കൊടി എന്നിവിടങ്ങളിൽ എബിസി കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും. ബാലുശേരി പനങ്ങാട്ട്‌ പഞ്ചായത്തിൽ നിലവിലുള്ള കേന്ദ്രത്തിന്‌ പുറമെയാണിത്‌. പുതിയ കേന്ദ്രങ്ങൾക്കായി സ്ഥലം കണ്ടെത്തി. ചെങ്ങോട്ട്‌കാവിൽ പഴയ വില്ലേജ്‌ ഓഫീസ്‌ കെട്ടിടമാണ്‌ കേന്ദ്രത്തിനായി തെരഞ്ഞെടുത്തത്‌. സ്ഥലം അനുയോജ്യമാണോ എന്ന പരിശോധന നടത്തി ഉടൻ കേന്ദ്രം ആരംഭിക്കും.
Advertisements
ചാത്തമംഗലത്തും കേന്ദ്രം തുടങ്ങാൻ ആലോചിച്ചെങ്കിലും സ്ഥലം അനുയോജ്യമല്ലാത്തതിനാൽ മാറ്റി. പുതിയ കേന്ദ്രങ്ങളിൽ വെറ്ററിനറി സർജൻ, തിയേറ്റർ സഹായികൾ, നായപിടിത്തക്കാർ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കും. അഞ്ചുമാസം മുമ്പാണ്‌ പനങ്ങാട്ട്‌ കേന്ദ്രം ആരംഭിച്ചത്‌. അഞ്ച്‌ തസ്‌തികകളിലായി 15 ജീവനക്കാരെയാണ്‌ ജില്ലാ പഞ്ചായത്ത്‌ നിയമിച്ചത്‌. ഇതുവരെ 700 നായകളെ വന്ധ്യംകരിച്ചു.