KOYILANDY DIARY

The Perfect News Portal

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാഹുലിൻ്റെയും സോണിയയൂടെയും 732 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടി

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്‌തുവകകൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി. സോണിയയ്‌ക്കും രാഹുലിനും ഓഹരിയുള്ള അസോസിയേറ്റഡ്‌ ജേർണൽസ്‌ ലിമിറ്റഡിന്റെ (എജെഎൽ) 661.69 കോടി രൂപയുടെയും യങ്‌ ഇന്ത്യൻ കമ്പനിയുടെ 90.21 കോടി രൂപയുടെയും ആസ്‌തികളാണ്‌ കണ്ടുകെട്ടിയത്‌. ഡൽഹിയിലെയും മുംബൈയിലെയും നാഷണൽ ഹെറാൾഡ്‌ ഓഫീസുകൾ, ലഖ്‌നൗ നെഹ്‌റു ഭവൻ എന്നിവ ഉൾപ്പെടെയാണിത്‌. 

ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഏഴു പേർ പ്രതികളായി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ നടപടിയെന്ന്‌ ഇഡി അറിയിച്ചു. ബിജെപി നേതാവ്‌ സുബ്രഹ്‌മണ്യൻ സ്വാമി 2012ൽ നൽകിയ പരാതി പ്രകാരമുള്ള കേസിൽ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്‌, സുമൻ ദുബെ, സാം പിട്രോഡ എന്നിവരും പ്രതികളാണ്‌.

യങ്‌ ഇന്ത്യൻ കമ്പനി രൂപീകരിച്ച്‌ പ്രതികൾ എജെഎല്ലിന്റെ നൂറുകണക്കിന്‌ കോടി രൂപയുടെ സ്വത്ത്‌ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ്‌ കേസ്‌. നാഷണൽ ഹെറാൾഡ്‌ പത്ര പ്രസിദ്ധീകരണത്തിനായി എജെഎല്ലിന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഭൂമി സൗജന്യനിരക്കിൽ  ലഭിച്ചിരുന്നു. 2008ൽ എജെഎൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എജെഎൽ എഐസിസിയിൽനിന്ന്‌ 90.21 കോടി രൂപയുടെ വായ്‌പ എടുത്തിരുന്നു. എന്നാൽ, ഇത്‌ തിരിച്ചുവാങ്ങേണ്ടതില്ലെന്ന്‌ എഐസിസി തീരുമാനിക്കുകയും എജെഎൽ 50 ലക്ഷം രൂപയ്‌ക്ക്‌ സോണിയയും രാഹുലും ഡയറക്‌ടർമാരായ യങ്‌ ഇന്ത്യന്‌ വിൽക്കുകയും ചെയ്‌തു.

Advertisements

വരുമാനത്തിന്റെ ഉറവിടം കാണിക്കാതെയാണ്‌ യങ്‌ ഇന്ത്യൻ 50 ലക്ഷം രൂപയ്‌ക്ക്‌ ഇത്‌ വാങ്ങിയത്‌. ഇതുവഴി എജെഎല്ലിന്റെ ഓഹരി ഉടമകളെയും കോൺഗ്രസിന്‌ സംഭാവന നൽകിയവരെയും എജെഎല്ലിന്റെയും എഐസിസിയുടെയും ഭാരവാഹികൾ വഞ്ചിച്ചെന്ന്‌ കേസിൽ ആരോപിക്കുന്നു. എജെഎല്ലിന്‌ 2010ൽ 1057 ഓഹരി ഉടമകളുണ്ടായിരുന്നു. 2011ൽ എജെഎല്ലിനെയും വസ്‌തുവകകളും യങ്‌ ഇന്ത്യന്റെ അനുബന്ധമാക്കി മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യംചെയ്‌തു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്‌.  പ്രതികളായ മോട്ടിലാൽ വോറയും ഓസ്‌കർ ഫെർണാണ്ടസും അന്തരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1937ൽ രൂപീകരിച്ച കമ്പനിയാണ്‌ എജെഎൽ.