KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നതിനാല്‍ നാളെയാണ് (ജൂണ്‍ 10) ആറാം പ്രവൃത്തി ദിനം. യു ഐ ഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയാണ് കണക്ക് ശേഖരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടെ കണക്ക് അനുസരിച്ച് ആയിരിക്കും തസ്തിക നിര്‍ണയം നടത്തുക. നാളെ അഞ്ച് മണി വരെ വിവരം ശേഖരിക്കും. അതിനു ശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവദിക്കില്ല. കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രധാനാധ്യാപകനുമുണ്ടാകും.

 

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രൊജക്ട് തയ്യാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞതവണ വര്‍ധിപ്പിച്ച ബാച്ചുകളും സീറ്റുകളും ചേര്‍ത്താണ് ഇത്തവണ അഡ്മിഷന്‍ ആരംഭിച്ചത്. ഇത്തവണത്തെ പ്രവേശനം ആരംഭിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്.

Advertisements

 

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് കാത്തിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെ സംബന്ധിച്ച പ്രശ്‌നം ആയതുകൊണ്ടാണ് കാത്തിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കാന്‍ ശ്രമം നടത്തുകയാണ്. പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ പ്രധാനാധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി പറഞ്ഞു.

Share news