വേമ്പനാട്ട് കായലിൻറെ വീണ്ടെടുപ്പിനായി കുഫോസ് നടത്തിയ അഞ്ചുവർഷത്തെ പഠനറിപ്പോർട്ട് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് കൈമാറി

ആലപ്പുഴ: വേമ്പനാട്ട് കായലിൻറെ വീണ്ടെടുപ്പിനായി കുഫോസ് (കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല) നടത്തിയ അഞ്ചുവർഷത്തെ പഠനറിപ്പോർട്ട് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് കൈമാറി. മൂവായിരം ടണ്ണിലധികം പ്ലാസ്‌റ്റിക് മാലിന്യങ്ങൾ നീക്കി ആഴമേറിയ ജലസംഭരണിയാകാൻ വേമ്പനാട്ട് കായൽ തയ്യാറെടുക്കുന്നു. കുഫോസിലെ സെൻറർ ഫോർ എക്‌സലൻസ് ഇൻ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെൻറ് ആൻഡ് കൺസർവേഷനാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.

ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കായലിനെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന 90 ലക്ഷത്തോളം ജനങ്ങളുടെ ജീവിതം തളിർക്കാനും ഉപജീവനമാർഗം വിപുലമാകാനുമുള്ള സാധ്യത തെളിഞ്ഞു. കായലിൻറെ സംഭരണശേഷി തിരികെപ്പിടിക്കുന്നതോടെ വർഷത്തിൽ പല തവണ ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള കുട്ടനാടിൻറെ പലായനം അവസാനിക്കും. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളും അവയുടെ കൈവഴികളും കായലിലാണ് സംഗമിക്കുന്നത്. 2018ലെ മഹാ പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും എക്കലും ഇതരമാലിന്യങ്ങളും കായലിൽ അടിഞ്ഞിട്ടുണ്ട്.

കാലവർഷഘടനയിൽ സംഭവിച്ച മാറ്റം, 2017-18 ആഗസ്‌തിലും സെപ്‌തംബറിലും ലഭിച്ച കനത്തമഴ, മിന്നൽവെള്ളപ്പൊക്കം എന്നിവയാണ് കായൽത്തീരത്തെ താഴ്‌ന്നപ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയത്. ഭൗമോപരിതലത്തിലെ മാറ്റം, ജലവിതാനം, ജലഗുണനിലവാരം, ജലഘടന എന്നിവയിലെ മാറ്റം, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് കായൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ. ഇവ പരിഹരിക്കുന്നതോടെ കായലിൻറെ വീണ്ടെടുപ്പ് സാധ്യമാകും. ഡോ. വി എൻ സഞ്ജീവനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

