ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽനിന്ന് പ്രവേശന സമയത്ത് ലഹരിവിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് മന്ത്രി ആർ ബിന്ദു. ലഹരിവസ്‌തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരി അനുബന്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും വിദ്യാർത്ഥികളിൽ നിന്നെഴുതി വാങ്ങി രക്ഷാകർത്താവിന്റെ ഒപ്പു രേഖപ്പെടുത്തി സൂക്ഷിക്കും. മുതിർന്ന വിദ്യാർത്ഥികളിൽനിന്നും സത്യവാങ്മൂലം വാങ്ങും.

ലഹരിവിരുദ്ധ ക്യാമ്പയിൻ കർമപദ്ധതി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനപ്രകാരം വിവിധ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്‌തിട്ടുണ്ട്. ലഹരിവിരുദ്ധ ആശയം ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. എൻഎസ്എസിന്റെ ആസാദ് സേന -ക്യാമ്പസുകളിലെ ലഹരിവിരുദ്ധ തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ കാമ്പസുകളിൽ വിമുക്തി ക്ലബുകൾ സ്ഥാപിക്കും.

സർവകലാശാലകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഹോസ്റ്റലുകളെയും ഉൾപ്പെടുത്തി ശ്രദ്ധ, നേർക്കൂട്ടം എന്നീ പരിപാടികളും ആരംഭിക്കും. ഹോസ്റ്റലുകളിൽ വാർഡൻ ചെയർപേഴ്‌സണായാണ് ലഹരിവിരുദ്ധ പ്രചാരണത്തിന് ക്ലബുകൾ രൂപീകരിക്കുന്നത്. കോളേജുകളിൽ ലഹരിവിമുക്ത കോളേജ് സംരക്ഷണ സമിതിയും സർവകലാശാലകളിൽ ലഹരിവിമുക്ത സർവകലാശാല ക്യാമ്പസ് സംരക്ഷണ സമിതിയും രൂപീകരിക്കും– മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

