ലോഡ് ഷെഡ്ഡിംഗും വൈദ്യുതി നിരക്ക് വർദ്ധനവും വേണ്ടി വന്നേക്കുമെന്ന് മന്ത്രി: തീരുമാനം 21ന് ചേരുന്ന ഉന്നതതല യോഗത്തിൽ
പാലക്കാട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലായതിനാൽ ലോഡ് ഷെഡ്ഡിംഗും നിരക്ക് വർദ്ധനവും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമേ തീരുമാനമെടുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കേണ്ടതുണ്ട്. ലോഡ് ഷെഡ്ഡിംഗ് അടക്കമുള്ള കാര്യങ്ങൾ 21ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡാമുകളിൽ വെള്ളം തീരെ കുറവാണ്. മഴ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരക്ക് വർദ്ധനവ് അടക്കമുള്ള കാര്യങ്ങളിൽ റെഗുലേറ്ററി കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

മഴപെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിച്ചത്. ഓണക്കാലം പരിഗണിച്ചാണ് ഉടൻ പവർകട്ട് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. ഹ്രസ്വകാല കരാർ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവർകട്ട് തുടരേണ്ടിവരും.

മഴയില്ലാത്തതിനാൽ ജലവൈദ്യുത ഉത്പാദനകേന്ദ്രങ്ങളിലെ അണക്കെട്ടുകളിൽ വെള്ളമില്ല. എല്ലാഡാമുകളിലും കൂടി 37 ശതമാനമാണുളളത്. ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ 32ശതമാനമാണ് വെള്ളം. ഇതെല്ലാം ഉപയോഗിച്ച് 1531 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. ആഗസ്റ്റിൽ മാത്രം 90 ശതമാനമാണ് മഴയുടെ കുറവ്. ഇതോടെ വരും മാസങ്ങളിൽ നീരൊഴുക്കും കാര്യമായി പ്രതീക്ഷിക്കാനാവില്ല.

മഴയില്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇന്നലെ 80.90 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. ഇതിൽ 25 ദശലക്ഷം മാത്രമാണ് കേന്ദ്രഗ്രിഡിൽ നിന്ന് വാങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിമൂലം ജലവൈദ്യുതി ഉത്പാദനം കൂട്ടി 19 ദശലക്ഷം യൂണിറ്റാക്കി. എന്നിട്ടും 31 ദശലക്ഷം വാങ്ങേണ്ടിവരുന്നുണ്ട്.
ദീർഘകാലകരാർ റദ്ദാക്കിയതുമൂലം 450 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ഇതിൽ 200 മെഗാവാട്ട് താത്ക്കാലികാടിസ്ഥാനത്തിൽ കിട്ടുന്നുണ്ട്. ഹ്രസ്വകാല കരാറിന് ടെൻഡർ വിളിച്ചെങ്കിലും നടപടികൾ സെപ്തംബർ രണ്ടിനേ തുടങ്ങാനാകൂ. കൽക്കരിക്ഷാമം മൂലം നിലവിലെ കരാറിൽ 100 മെഗാവാട്ട് കിട്ടുന്നില്ല. ഇതുമൂലം മൊത്തം 500 മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ ഓപ്പൺ എക്സ്ചേഞ്ചിൽ നിന്ന് വൻ വിലയ്ക്ക് വൈദ്യുതിവാങ്ങുകയാണ്. ഇതിന് ബിൽ ഉടനടി സെറ്റിൽ ചെയ്യേണ്ടിവരും. ദിവസം 15കോടിയോളം രൂപ ഇതിനായി കണ്ടെത്തേണ്ടിവരും. ഇതിന് കെ എസ് ഇ ബിക്കാവില്ല. അതുകൊണ്ടാണ് പവർകട്ടിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്.
