KOYILANDY DIARY.COM

The Perfect News Portal

വയനാട് പുനരധിവാസത്തിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകും. ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തിൽ ഉൾപ്പെട്ടവരാണ്. എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ആദ്യം വീടുകൾ നിർമ്മിക്കുക. 7 സെൻറ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിലായിരിക്കും വീട്. ഒരാളുടെ വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷേ വീടു പണിയാൻ സ്പോൺസർ ചെയ്യുന്നവർ 20 ലക്ഷം രൂപ മാത്രം തന്നാൽ മതി. ബാക്കി തുക മെറ്റീരിയൽസും അല്ലാതെയുമായി സർക്കാർ കണ്ടെത്തുമെന്നും സ്പോൺസർ നൽകിയതിനേക്കാൾ കൂടുതൽ തുക വന്നാൽ അത് സർക്കാർ വഹിക്കും.

2188 പേര്‍ക്ക് 300 രൂപ ദിനബത്ത 9 മാസത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു. ബെയ്ലി പാലത്തിന് പകരമായി സിംഗിൾ സ്പാൻ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നാണ് തീരുമാനം. ഭാവിയില്‍ ദുരന്തം ഉണ്ടായാലും റെസ്ക്യു പോയിന്റായി മാറുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്യുന്നത്. റോഡ് പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആളുകളുണ്ട്. അവർക്ക് വേണ്ടി നാല് പാലങ്ങളും എട്ട് റോഡും നിർമ്മിക്കും. പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അനാവശ്യമായ വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോവരുത്. ദുരന്തബാധിതരുടെ ഉള്ളില്‍ ആശങ്ക നിറക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കരുത്. കടം എഴുതി തള്ളാൻ ദേശിയ ദുരന്തനിവാരണ അതോറിറ്റി ഇന്നൊരു പ്രമേയം പാസാക്കിയാല്‍ മതി. എല്ലാവരും പറയുന്നത് സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് എന്നാണ്. എന്നാൽ സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ ഇടപെടുന്നേയില്ല. 2A,2B ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും. നയ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞ പോലെ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനരധിവസിപ്പിക്കും. അവസാനത്തെ ദുരന്തബാധിതന്റെ പോലും പുനരധിവാസം ഉറപ്പാക്കുന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news