വയനാട് വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

അപകട കാരണം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമെന്നാണ് വിവരം. പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്.

മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാർ. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മരിച്ച 9 പേരും ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. പുറത്തുവന്ന വിവരം അനുസരിച്ച് 12 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

