KOYILANDY DIARY.COM

The Perfect News Portal

പെട്രോള്‍ പമ്പ് – പാചകവാതക മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട്; മന്ത്രി വി ശിവൻകുട്ടി

പെട്രോള്‍ പമ്പ് – പാചകവാതക മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കെ. വി. സുമേഷ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ കൂലി അവസാനമായി പുന:നിര്‍ണ്ണയിച്ചത് 24.02.2021-ലെ സ.ഉ.(അച്ചടി) നം. 31/2021/തൊഴില്‍ പ്രകാരമുള്ള മിനിമം വേതന വിജ്ഞാപനത്തിലൂടെയാണ്. എന്നാല്‍, പ്രസ്തുത മിനിമം വേതന വിജ്ഞാപനത്തില്‍ സര്‍വ്വീസ് വെയിറ്റേജ് പറയുന്നതിനാല്‍‍ വിജ്ഞാപനത്തിനെതിരായി ഓൾ ഇന്ത്യ എൽ പി ജി ഡിസ്ട്രിബൂറ്റേഴ്സ് ഫെഡറേഷൻ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള 8746/2021 നമ്പര്‍ റിട്ട് ഹര്‍ജിയുടെ 07/04/2021-ലെ ഇടക്കാല ഉത്തരവ് പ്രകാരം ആയത് വാദം കേള്‍ക്കുന്ന അടുത്ത തീയതി വരെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

പ്രസ്തുത റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും, പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 19/03/2024 -ല്‍ ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറലുമായി നടത്തിയ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഏയർലി പോസ്റ്റിങ്ങ് നടത്തി സ്റ്റേ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ പൊതുവായ തൊഴില്‍ പ്രശ്നങ്ങളും മിനിമം വേതനം സംബന്ധിച്ച വിഷയങ്ങളും തൊഴിലാളി-തൊഴിലുടമ-സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ത്രികക്ഷി സമിതിയായ പാചകവാതക വിതരണ മേഖല വ്യവസായ ബന്ധസമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

 

22/07/2023 തീയതിയിലെ സ.ഉ.(സാധാ) നമ്പര്‍ 892/2023/തൊഴില്‍ ഉത്തരവ് പ്രകാരം വ്യവസായ ബന്ധസമിതി പുന:സംഘടിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. പാചകവാതക വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പൂര്‍ണ്ണത വരണമെങ്കില്‍ ബി പി സി എൽ, ഐ ഒ സി, എച്ച് പി എന്നീ ഓയില്‍ കമ്പനികളുടെ പ്രതിനിധികളെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തൊഴിലാളി പ്രതിനിധികള്‍ 17.12.2022 തീയതി നടന്ന വ്യവസായ ബന്ധസമിതിയില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സമിതി ചെയര്‍മാന്റെ ശിപാര്‍ശ പ്രകാരം ഉത്തരവില്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ഓയില്‍ കമ്പനി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശം സമിതി ചെയര്‍മാന്‍ നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്)-മാര്‍ക്ക് പരാതി നല്‍കി പരിഹാരം കാണാവുന്നതാണ്.

Advertisements

 

സംസ്ഥാനത്തെ പെട്രോള്‍ പമ്പ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം 07.02.2020-ലെ സ.ഉ.(അച്ചടി) നം.22/2020/തൊഴില്‍ പ്രകാരം പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍, പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവിസ് സൊസൈറ്റി ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത 6890/2020 റിട്ട് ഹര്‍ജിയിലെ 22.12.2020-ലെ ഇടക്കാല ഉത്തരവ് പ്രകാരം മേല്‍ വിജ്ഞാപനം മൂന്ന് ആഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്യുകയും, തുടര്‍ന്ന്, 14.01.2021-ന് ഹിയറിംഗ് നടത്തിയപ്പോള്‍ മേല്‍വിജ്ഞാപനം ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സ്റ്റേ ചെയ്യുകയുമുണ്ടായി. പ്രസ്തുത റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും, പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 19/03/2024-ല്‍ ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറലുമായി നടത്തിയ യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ early posting നടത്തി സ്റ്റേ നീക്കം ചെയ്ത് കേസ് തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

 

കേരളത്തിലെ IOC, BPCL, HPCL കമ്പനികളുടെ എല്‍.പി.ജി പ്ലാന്റുകളില്‍ ഓടുന്ന സിലിണ്ടര്‍ ട്രക്ക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ അടങ്ങുന്ന കരാറിന്റെ കാലാവധി 31/12/2022-ന് അവസാനിച്ചതിനാല്‍ ആയത് പുതുക്കി നല്‍കുന്നതിനായി ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിഷനും ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷനും C.I.T.U, INTUC, AITUC, BMS എന്നീ യൂണിയനുകള്‍ സംയുക്തമായും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ കരാര്‍ നടപ്പിലാക്കുന്നതിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍)-ന്റെ അധ്യക്ഷതയില്‍ നിരവധി മീറ്റിംഗുകള്‍ നടത്തുകയും 07/08/2024-ന്റെ മീറ്റിംഗില്‍ 5 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Share news