KOYILANDY DIARY.COM

The Perfect News Portal

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാന്‍സലറുടേതായിരുന്നു തീരുമാനം. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പകരം ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും. നിലവില്‍ യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുക്കുന്നുണ്ട്.

സിന്‍ഡിക്കറ്റ് അറിയാതെ വി സി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ വാദം. പ്രതിഷേധം കനത്തതോടെ ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിക്കുകയാണ്.

 

തീരുമാനം ഔദ്യോഗികമാകുന്നതോടെ മിനി കാപ്പന്‍ ചുമതലയില്‍ നിന്ന് ഒഴിയും. നേരത്തെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ തന്നെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയത്. സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ചുമതലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം.

Advertisements

രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ‘അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍’ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.

 

പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാര്‍ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു.

ഇതിന് പിന്നാലെ സര്‍വകലാശാലയില്‍ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നല്‍കി. ഒടുവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുകയും അനില്‍കുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. അനില്‍കുമാര്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്.

Share news