കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം വിജയകരം
കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം വിജയകരം. ഡിസംബർ 7ന് രാത്രി 11.30ന് എസ് എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽ പരീക്ഷണയോട്ടത്തിന്റെ നടപടികൾ ആരംഭിച്ചത്. എട്ടാം തീയതി പുലർച്ചെ 1.30ന് ആദ്യ പരീക്ഷണയോട്ടത്തിന് തുടക്കമായി.

വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ മേഖലയിലെ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയൽ റൺ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയിൽ പരീക്ഷണയോട്ടം തുടരും. തൃപ്പൂണിത്തുറയിൽ നിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയിൽ മെട്രോ ലൈൻ ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്ഫോമും നിർമ്മിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജെക്ടസ് വിഭാഗം ഡയറക്ടർ എം പി രാംനാവാസ് അറിയിച്ചു.

മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജെക്ടസ് വിഭാഗം ഡയറക്ടർ എം പി രാംനാവാസ്, ഡയറക്ടർ സിസ്റ്റംസ് സഞ്ജയ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ വിനു സി കോശി, സിഗ്നലിങ് ആൻഡ് ട്രാക്ഷൻ വിഭാഗം ജനറൽ മാനേജർ മണി വെങ്കട് കുമാർ തുടങ്ങിയവർ പരീക്ഷണയോട്ടത്തിന് നേതൃത്വം നൽകി. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 1.18 കിലോമീറ്ററിന്റെ നിർമ്മാണമാണ് നിലവിൽ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി.

സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷൻ മേഖലയിൽ ഉൾപ്പെട്ട 60 മീറ്റർ ദൂരത്തിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. 1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.

