അത്തോളിയിൽ പോലീസിൻ്റെ കഞ്ചാവു വേട്ട; 2 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

അത്തോളിയിൽ പോലീസിൻ്റെ കഞ്ചാവു വേട്ട. 2 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കച്ചവടക്കാർക്ക് കഞ്ചാവ് വലിയ തോതിൽ എത്തിച്ച് വിതരണം ചെയ്ത് വന്നിരുന്ന യുവാവാണ് പിടിയിലായത്. കുറ്റ്യാടിയിൽ മുമ്പ് താമസിച്ചിരുന്ന ഇപ്പോൾ മാങ്കാവിൽ താമസിക്കുന്ന ഒഡിഷ കലുപ്രഗട്ട് ബാലി നാസി സ്വദേശി സന്തോഷ് മല്ലിക് (30) ആണ് പോലീസിൻ്റെ പിടിയിലായത്.

ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിൻ്റെ കീഴിലെ ജില്ലാ നാർക്കോട്ടിക് ടീമും പേരാമ്പ്ര DySP സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും അത്തോളി എസ് ഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘവും ചേർന്നാണ് അത്തോളിയിൽ നിന്നും പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.

ഒഡിഷയിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് വിൽപനക്കാർക്ക് കിലോകണക്കിൽ സ്ഥലത്ത് എത്തിച്ചു നൽകുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ലഹരി വിൽപ്പനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര DySP അറിയിച്ചു.
