എംഡിഎംഎ മൊത്തവിതരണക്കാര്‍ പിടിയില്‍

കോഴിക്കോട്: ചേവായൂരിൽനിന്ന് 300 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയ കേസിൽ മയക്കുമരുന്ന് എത്തിച്ചവരെ പൊലീസ് പിടികൂടി. അങ്ങാടിപ്പുറം സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമ്മദ് ഹുസൈൻ (30), മായനാട് തടോളി ഹൗസിൽ ടി രഞ്ജിത്ത് (31) എന്നിവരെയാണ് നർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലും ഡൻസാഫ് ടീമും ചേർന്ന് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.

ചേവായൂരിൽ നേരത്തെ അറസ്റ്റിലായ കോട്ടപ്പുറം സ്വദേശി കാര്യപറമ്പത്ത് വീട്ടിൽ ഷിഹാബുദ്ദീ(46)ന് എംഡിഎംഎ ലഹരിമരുന്ന് നൽകിയത് രഞ്ജിത്തായിരുന്നു. രണ്ടാഴ്ചമുമ്പ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ചോദ്യംചെയ്തപ്പോഴാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് നൽകുന്നത് മുഹമ്മദ് ഹുസൈനാണെന്ന് മനസ്സിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊടുവള്ളിയിൽ കഞ്ചാവ് കടത്തുകേസിൽ പ്രതിയായശേഷം നാടുവിട്ട് അഞ്ചുവർഷത്തോളമായി ബംഗളൂരുവിലെ ഉൾനാടൻ ഗ്രാമങ്ങളിൽ താമസിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന നീഗ്രോ ഗ്രൂപ്പിൽനിന്ന് വൻതോതിൽ എംഡിഎംഎ വാങ്ങിയശേഷം ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയാണ് രീതി.
രഞ്ജിത്തിനെതിരെ വൈത്തിരി സ്റ്റേഷനിൽ പോക്സോ കേസും മീനങ്ങാടിയിൽ മയക്കുമരുന്ന് കേസും ടൗൺ സ്റ്റേഷനിൽ പീഡനക്കേസുമുണ്ട്. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എഎസ്ഐ അബ്ദുറഹ്‌മാൻ, എസ്എസ്‌പിഒ കെ അഖിലേഷ്, അനീഷ് മൂസൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
