മണിപ്പുരിൽ അസം റൈഫിൾസിനെതിരെ മെയ്‌ത്തീ പ്രതിഷേധം; കേന്ദ്രസർക്കാരിനെതിരെ ബിജെപി എംഎൽഎ രംഗത്ത്

ന്യൂഡൽഹി: മണിപ്പുർ താഴ്‌വരയിൽ കടുത്ത പ്രതിഷേധമുയർത്തി മെയ്‌ത്തീ വിഭാഗം. കേന്ദ്രസേനയായ അസം റൈഫിൾസിനെതിരായാണ് മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബികൾ താഴ്‌വരയിൽ പലയിടത്തും തിങ്കളാഴ്‌ച പ്രതിഷേധ യോഗങ്ങളും റാലികളും സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡണ്ട് ചിദാനന്ദ സിങ്ങും അസം റൈഫിൾസിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും ആഞ്ഞടിച്ചു.

ബിജെപിയേക്കാൾ തനിക്കിപ്പോൾ വലുത് വംശവും ജനങ്ങളും സംസ്ഥാനവുമാണെന്നും ചിദാനന്ദ സിങ് പറഞ്ഞു. പക്ഷപാതപരമായി പെരുമാറുന്ന അസം റൈഫിൾസിനെ മണിപ്പുരിൽനിന്ന് പിൻവലിക്കണമെന്ന് മെയ്‌രാ പെയ്‌ബികൾ ആവശ്യപ്പെട്ടു. മണിപ്പുരിൽ രണ്ട് സ്‌ത്രീകളെ നഗ്‌നരായി നടത്തിയപ്പോൾ പ്രതികരിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണ് മെയ്‌ത്തീ സ്‌ത്രീകൾക്കെതിരെ അസം റൈഫിൾസ് നടത്തുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതെന്നും മെയ്‌രാ പെയ്‌ബികൾ ആരാഞ്ഞു.

അമിത് ഷായുമായി ചർച്ച
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടസംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കുക്കി വിഭാഗം പ്രതിനിധികൾ ചൊവ്വാഴ്‌ച ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. കുക്കി സംഘടനയായ തദ്ദേശീയ ഗോത്രനേതൃത്വ വേദി (ഐടിഎൽഎഫ്) പ്രതിനിധികൾ അമിത് ഷായെ കാണാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്.അതിനിടെ, സ്‌കൂളുകളിൽ ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾ വ്യാഴാഴ്‌ച തുടങ്ങുമെന്ന് മണിപ്പുർ സർക്കാർ അറിയിച്ചു.

