ബേപ്പൂർ കയർ ഫാക്ടറിയിൽനിന്ന് മെത്തയും
ഫറോക്ക്: സംസ്ഥാന കയർ കോർപറേഷനുകീഴിൽ ബേപ്പൂരിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ മെത്ത (മാട്രസ്) നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നു. വൻതോതിൽ വരുമാന സാധ്യതയുള്ള കിടക്ക നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി ബേപ്പൂർ കയർ ഫാക്ടറിയിലെ ഒമ്പത് വനിതാജീവനക്കാരെ ആദ്യഘട്ട പരിശീലനത്തിനയച്ചു. ഇവർ കഴിഞ്ഞ മാസം 24 മുതൽ കയർ കോർപറേഷന്റെ കണിച്ചുകുളങ്ങര ഫാക്ടറിയിൽ പരിശീലനത്തിലാണ്.

ഒരു ദിവസം എട്ടു മണിക്കൂർ ഷിഫ്റ്റിൽ 13 ജീവനക്കാർക്ക് 80 മെത്ത നിർമ്മിക്കാനാകും. നിർമ്മാണം പൂർത്തിയാകുന്ന മുഴുവൻ ഉൽപ്പന്നവും ഇവിടെനിന്ന് നേരിട്ട് കയറ്റി അയക്കും. നേരത്തെയുള്ള കയർ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും ആലോചനയുണ്ടെന്ന് കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി പണിക്കർ പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ 3.68 കോടി രൂപ ചെലവിട്ട് ഫാക്ടറി നവീകരിച്ച് പുതിയ ഡി- ഫൈബറിങ് യൂണിറ്റാരംഭിച്ചിരുന്നു. സ്പിന്നിങ് മില്ലും പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായുള്ള യന്ത്രത്തകരാറുകൾ കാരണം ഡി – ഫൈബറിങ് യൂണിറ്റ് മന്ദഗതിയിലായെങ്കിലും സ്പിന്നിങ് മിൽ വഴി ചൂടിയുൽപ്പാദിപ്പിക്കുന്നുണ്ട്. 600 കിലോ ചൂടിയാണ് ഒരു ദിവസത്തെ ഉൽപ്പാദനം.
