റഷ്യയിൽ വൻ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി

റഷ്യയിൽ അതിശക്തമായ ഭൂകമ്പം. കംചട്ക പ്രവിശ്യയിലാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പെട്രോപാവ്‌ലോവ്‌സ്- കംചട്ക എന്നിവിടങ്ങളിൽ നിന്ന് 128 കിലോമീറ്റർ കിഴക്ക് ഭാഗത്ത് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഭൂകമ്പത്തിന്റെ ഭാഗമായി നാശനഷ്ടങ്ങളോ, ആളപായമോ ഒന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ ഭൂകമ്പത്തിന് പുറമെ അഞ്ചോളം തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും 1,000 കിലോമീറ്റർ താഴെ കിഴക്കൻ റഷ്യ, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ സാധാരണ നിരപ്പിൽ നിന്ന് മൂന്ന് മീറ്റർ വരെ ഉയരുന്ന തിരമാലകൾക്കുള്ള സാധ്യതയും മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.

സുനാമിക്ക് സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പസഫിക് റിങ് ഓഫ് ഫയർ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ കംചട്ക പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്.

