കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ അജിത്ത് (22) നെ ആണ് പിടികൂടിയത്. പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും വിൽപനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ 89 ഗ്രാം MDMA യാണ് പിടികൂടിയത്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ ആർ ജഗമോഹൻ ദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദേശ പ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ബസ്സ്റ്റാൻ്റ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് 89 ഗ്രാം എംഡിഎംഎ യുമായി അജിത്ത് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിലാണ് കോഴിക്കോട്ടേക്ക് വന്നത്.

ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങളിൽ വെച്ചാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും ബംഗളൂരിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.

ഡാൻസാഫിൻ്റെ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് ലഹരി മരുന്നുമായി ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട് പുതിയ സ്റ്റാൻ്റിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലാവുന്നത്. പിടികൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷം രൂപ വില വരും. അജിത്തിൻ്റെ ലഹരി ഉപയോഗം കാരണം എൻജിനിയറിംഗ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്പനയിലേക്ക് മാറുകയും, ഇങ്ങനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഗോവയിലും, ബംഗളൂരിലും പോയി നിശാ പാർട്ടികളിൽ പങ്കെടുത്ത് ആർഭാട ജീവിതം നയിച്ച് വരികയായിരുന്നു.
അജിത്ത് ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് കസബ എസ്.ഐ ജഗ് മോഹൻദത്തൻ പറഞ്ഞു. ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ, എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, ലതീഷ് എം.കെ സരുൺകുമാർ പി.കെ, ഷിനോജ്, ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, അതുൽ ഇ വി, ദിനീഷ് പി.കെ, മുഹമദ്ദ് മഷ്ഹൂർ കെ.എം, കസബ സ്റ്റേഷനിലെ എസ്.ഐ മാരായ സജിത്ത്മോൻ, ബെന്നി എം.ജെ, CPO മുഹമ്മദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
