കൊച്ചിയിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി ഒരാൾ പിടിയിൽ

കൊച്ചിയിൽ വൻ ലഹരി വേട്ട. 203 ഗ്രാം എംഡിഎംഎ പിടികൂടി. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്ന് ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെയാണ് പിടികൂടിയത്. വിതരണത്തിനായി എത്തിച്ച എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. അമൽ നേരത്തെയും രണ്ട് കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ദിവസം ഡാർക്ക് വെബ് വഴി ലഹരി ഇടപാട് നടത്തിയ കേസിൽ എൻ സി ബി മുവാറ്റുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശി എഡിസൺ കെറ്റാ മെലോണിന്റെ തലവൻ ആണെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ പ്രധാന മയക്കമരുന്ന് ശൃംഖലയാണ് കെറ്റാമെലോൺ. എഡിസൺ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വ്യാപാരം തുടങ്ങിയിട്ട് 2 വർഷമായെന്നും കണ്ടെത്തി. 5 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇടപാടാണ് ഇയാൾ ഇതുവരെ നടത്തിയത്.

ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ ഇയാൾ ഇടപാടുകൾ നടത്തിയിരുന്നു. 14 മാസത്തിനിടെ 600 തവണയിലധികം മയക്കുമരുന്ന് ഇടപാട് നടന്നതായി എൻസിബി കണ്ടെത്തിയിരുന്നു

