KOYILANDY DIARY

The Perfect News Portal

അംഗീകാരത്തിൻ്റെ നിറവിൽ മരുതോങ്കരയും ചേമഞ്ചേരിയും.

അംഗീകാരത്തിൻ്റെ നിറവിൽ മരുതോങ്കരയും ചേമഞ്ചേരിയും. കോഴിക്കോട്: 2021-22 വർഷത്തെ സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും നേടി  കാർഷിക മലയോര മേഖലക്ക്‌ അഭിമാനമായി ഇരട്ട നേട്ടവുമായി മരുതോങ്കര പഞ്ചായത്ത്. പദ്ധതി പ്രവർത്തനങ്ങളിൽ നൂറ് ശതമാനം കൈവരിച്ചതിനൊപ്പം നികുതി പിരിവിലും മരുതോങ്കരയുടെ സ്ഥാനം മുന്നിലാണ്. ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള  സ്വരാജ് ട്രോഫിയാണ്‌ ചേമഞ്ചേരി പഞ്ചായത്ത് സ്വന്തമാക്കിയത്. ഒഡിഷയിലെ ഭുവനേശ്വറിൽ പഞ്ചായത്ത്‌ രാജ്‌ മന്ത്രാലയം സംഘടിപ്പിക്കുന്ന  ദേശീയ സെമിനാറിലേക്കും ചേമഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിത ശിശുക്ഷേമപ്രവർത്തനങ്ങളിലെ വൈവിധ്യമായിരുന്നു ദേശീയ അംഗീകാരത്തിന്‌ പ്രാപ്‌തമാക്കിയത്‌. 2021-22  വർഷത്തിൽ പഞ്ചായത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ്‌ സ്വരാജ്‌ ട്രോഫിക്ക്‌ അർഹമാക്കിയത്‌.
കാർഷിക മേഖലയിൽ നൂതന പദ്ധതികളാണ് മരുതോങ്കര പഞ്ചായത്ത് കൊണ്ടുവന്നത്‌. കുറ്റ്യാടി തേങ്ങയ്‌ക്ക്‌ പേരുകേട്ട മരുതോങ്കരയിൽ നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷിക്കാരിൽ നിന്ന്‌ തേങ്ങ സംഭരിക്കുന്ന പദ്ധതിക്ക്‌ തുടക്കമിട്ടു. ശേഖരിച്ച തേങ്ങ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മുളപ്പിച്ച് കൃഷിക്കാർക്ക് സൗജന്യമായി വിതരണവും ചെയ്‌തു. അസുഖം മൂലം കിടപ്പിലായ രോഗികൾക്ക് ആശ്വാസമായി ആരോഗ്യ മേഖലയിൽ “അരികെ’ പദ്ധതിയുടെ ഭാഗമായി
രോഗികളുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി പരിശോധന നടത്തുകയും സൗജന്യമായി മരുന്ന് എത്തിക്കുകയും ചെയ്യുന്നു. എഫ്.എച്ച്.സി, ആയുർവേദ, ഹോമിയോ ആശുപത്രികൾ രോഗീ സൗഹൃദ കേന്ദ്രങ്ങളാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്കണവാടികളും സ്മാർട്ടായി. ശുചിത്വ മേഖലയിലുമുണ്ട്‌ മാതൃകാ പദ്ധതികൾ നടപ്പാക്കി. സ്വയം തൊഴിൽ പദ്ധതികൾ കുടുംബശ്രീ മുഖേന നടപ്പാക്കി. മാലിന്യ സംസ്കരണ രംഗത്തുമുണ്ട്‌ തകർപ്പൻ പദ്ധതികൾ ആവിഷ്ക്കരിച്ചു. മരുതോങ്കരയെ മഹാത്മാ പുരസ്കാരത്തിനർഹമാക്കിയത്  തൊഴിലുറപ്പ് പദ്ധതിയിലെ വേറിട്ട പ്രവർത്തനങ്ങളാണ്‌.
കാർഷിക മൃഗ സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ പദ്ധതികളാണ് ചേമഞ്ചേരി പഞ്ചായത്ത് നടപ്പാക്കിയത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട്‌ നാട്ടിൽ തിരിച്ചെത്തിയവർക്കായുള്ള  പ്രവാസി കൃഷി സംരംഭവും മുറ്റത്തൊരു മീൻതോട്ടം പദ്ധതിയും നടപ്പാക്കി. പഞ്ചായത്തിലെ  അങ്കണവാടികൾ  ഭൂരിഭാഗവും ഹൈടെക്കാണ്‌. സ്‌ത്രീ ക്ഷേമം ലക്ഷ്യമിട്ട്‌  പഞ്ചായത്ത്‌ തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ സമിതികൾ  പ്രവർത്തിക്കുന്നുണ്ട്. വയോജന സൗഹൃദ പഞ്ചായത്ത് കൂടിയാണ്‌ ചേമഞ്ചേരി.  ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക പരിചരണവും ഉപകരണങ്ങളും നൽകുന്നു.
മാലിന്യ സംസ്കരണത്തിലും ശ്രദ്ധേയ നേട്ടമുണ്ടാക്കി. പൂക്കാട്‌ ദേശീയ പാതയോരത്ത് വഴിയോര വിശ്രമ കേന്ദ്രം പൂർത്തിയാക്കി. സ്കൂളുകൾക്ക് മികച്ച സൗകര്യം ഒരുക്കുകയും അക്കാദമിക നിലവാരം ഉയർത്തുന്ന പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ആരോഗ്യ ഉപകേന്ദ്രങ്ങളിൽ  മികച്ച സേവനം ഉറപ്പാക്കി. ലഭ്യമായ വികസന ഫണ്ട്  ജനറൽ, പട്ടികജാതി വിഭാഗം ഫണ്ട് എന്നിവയിൽ 100 ശതമാനം ചെലവഴിക്കുകയും 100 ശതമാനം നികുതി പിരിച്ചെടുക്കുകയും ചെയ്യുന്നു.
Advertisements