അയ്യൻകുന്നിൽ രണ്ടാംദിവസവും മാവോയിസ്റ്റ്– പൊലീസ് ഏറ്റുമുട്ടൽ
കണ്ണൂർ: അയ്യൻകുന്ന് ഞെട്ടിത്തോടിൽ രണ്ടാംദിവസവും മാവോയിസ്റ്റ്– പൊലീസ് ഏറ്റുമുട്ടൽ. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരുമായി ഉൾവനത്തിലേക്ക് കടന്ന മാവോയിസ്റ്റുകളെ തിരയുന്നതിനിടയാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ വെടിയൊച്ച കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്.

സംഭവസ്ഥലത്തുനിന്ന് രണ്ട് തോക്കും കസ്‌റ്റഡിയിലെടുത്തു. പരിക്കേറ്റവർ വനമേഖലയിൽനിന്ന് വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിച്ച് വിവരം നൽകണമെന്ന് പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. രണ്ടുദിവസം പിന്നിട്ടിട്ടും ദൗത്യസംഘം വനമേഖലയിൽനിന്ന് പുറത്തുവന്നില്ല. ഡിഐജി പുട്ട വിമലാദിത്യയും റൂറൽ എസ്‌പി എം ഹേമലതയും സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

പരിക്കേറ്റ മാവോയിസ്റ്റുകൾ കർണാടക വനമേഖലയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വനാതിർത്തിയിലും മാക്കൂട്ടം, കൂട്ടുപുഴ ചെക്ക് പോസ്റ്റുകളിലും സുരക്ഷാപരിശോധന ശക്തമാക്കി. വെടിവയ്പിൽ ആളപായമുണ്ടായിട്ടില്ലെന്ന്‌ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെയും സംഘത്തെയും കണ്ടെത്താനാണ് തിരച്ചിൽ തുടരുന്നത്. തിങ്കളാഴ്‌ച രണ്ട് തോക്കുകൾ കസ്റ്റഡിയിൽ എടുത്തതായും ഡിഐജി പറഞ്ഞു.

