മാന്നാർ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിലെ ഇരമത്തൂർ സ്വദേശിനി ശ്രീകലയെ (കല) കൊലപ്പെടുത്തി സെപ്‌ടിക് ടാങ്കിൽ തള്ളിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂർ ജിനുഭവനിൽ ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.

കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മുഖ്യപ്രതിയായ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് എത്തിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2009 ഒക്ടോബറിൽ 23–ാം വയസ്സിലാണ് കലയെ കാണാതായത്. ഭർത്താവും സുഹൃത്തുക്കളുംചേർന്ന് കൊന്ന് ടാങ്കിലിട്ടെന്ന വെളിപ്പെടുത്തലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചെന്നിത്തല തൃപ്പെരുന്തുറ ഐക്കരമുക്ക് മീനത്തേതിൽ കലയുടെ ദുരൂഹതിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.

പ്രതികളിലൊരാളായ പ്രമോദ് ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായതോടെയാണ് കേസിന് തുടക്കം. ഇയാൾ റിമാൻഡിലിരിക്കെ ലഭിച്ച ഊമക്കത്തിനെ പിന്തുടർന്ന് അമ്പലപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. അനിലിനൊപ്പംചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് പിടിയിലായവർ മൊഴി നൽകി. വീടിനുസമീപത്തെ പഴയ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. ചെറിയ രണ്ട് അസ്ഥിക്കഷണം കണ്ടെത്തി. തൊട്ടടുത്തുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിനുള്ളിൽനിന്ന് തലമുടിയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി.

അനിൽ പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും വാസ്തുപ്രശ്നം പറഞ്ഞ് ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല. കലയെ കാണാനില്ലെന്ന് അനിലിന്റെ അച്ഛൻ 2009ൽ പൊലീസിൽ പരാതി നൽകിയിരുന്നു. 2006ലായിരുന്നു ഇവരുടെ വിവാഹം. കല കാമുകനൊപ്പം പോയെന്നാണ് അനിൽ പ്രചരിപ്പിച്ചത്. മകൻ ഗൗതം പ്ലസ്‌വൺ വിദ്യാർത്ഥിയാണ്. അനിൽ പിന്നീട് പാവുക്കര സ്വദേശിനിയെ വിവാഹം കഴിച്ചു.

