മലാവിയുടെ വൈസ് പ്രസിഡണ്ട് ചിലിമയും 9 സഹയാത്രികരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ലിലോങ്‌വേ: തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡണ്ട് സൗലോസ് ക്ലോസ് ചിലിമയും 9 സഹയാത്രികരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വിമാനം ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 പേരും മരിച്ചതായി കണ്ടെത്തിയത്. മരണവാർത്ത മലാവി പ്രസിഡൻ്റ് ലസാറസ് ചക് വേര സ്ഥിരീകരിച്ചു.

തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തിയതായും ആരും രക്ഷപെട്ടിട്ടില്ലെന്നും പ്രസിഡണ്ട് സ്ഥിരീകരിച്ചു. ചിക്കൻഗാവ വനത്തിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. മലാവി ഡിഫൻസ് എയർഫോഴ്‌സിന്റെ വിമാനത്തിലാണ് വൈസ് പ്രസിഡന്റും സംഘവും യാത്ര തിരിച്ചത്. രാജ്യതലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് പ്രാദേശിക സമയം 9. 17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ പറന്നുയർന്ന് കുറച്ചുസമയത്തിനകം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

10. 02നായിരുന്നു വിമാനം മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസു ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. മൂന്നു ദിവസം മുമ്പ് അന്തരിച്ച കാബിനറ്റ് മന്ത്രി റാൽഫ് കസംബാരയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായാണ് ചിലിമയും ഭാര്യയും രാഷ്ട്രീയ പാർടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെൻ്റിൻ്റെ പ്രതിനിധികളും പുറപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 2014 മുതൽ മലാവിയുടെ വൈസ് പ്രസിഡന്റാണ് ചിലിമ.

