KOYILANDY DIARY.COM

The Perfect News Portal

മകരവിളക്ക് ദർശനം ഇന്ന്

മകരവിളക്ക് ദർശനം ഇന്ന്. മകര വിളക്ക് ദർശിക്കാനായി സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.50 നാണ് മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്ര ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സ്വീകരിക്കും. 6:30 ന് സന്നിധാനത്ത് എത്തിച്ചേരും.

തുടർന്ന് വിശേഷാൽ ദീപാരാധനയും തീർത്ഥാടകർക്ക് മകരവിളക്ക് ദർശിക്കാനും ഉള്ള അവസരം ഒരുങ്ങും. ഇന്ന് വെർച്വൽ, സ്പോട്ട് ബുക്കിംഗിലൂടെ 41000 തീർത്ഥാടകരെ കൂടി സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അടക്കമുള്ളവർ സന്നിധാനത്ത് ഉണ്ട്.

 

ദീപാരാധനയ്ക്ക് ശേഷം, ഭക്തരുടെ മനം നിറച്ച് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ ഇപ്പോൾ തന്നെ നിറഞ്ഞു ക‍ഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ഇതിനായുള്ള കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.

Advertisements

 

ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. അതേ സമയം, ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് സന്നിധാനത്ത് അറിയിച്ചു. അതേ സമയം, മകര വിളക്ക് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും സജീവമാണ് . മുംബൈയിലാണ് കേരളത്തിന് പുറത്തെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രവും. വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചാണ് മുംബൈയിലെ ഈ അയ്യപ്പ ക്ഷേത്രം മാതൃകയാകുന്നത്.

Share news