വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മഹിളാ സംഗമം.
പത്തനംതിട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യ സംരക്ഷണത്തിനും സ്ത്രീസമത്വത്തിനും സ്ത്രീനീതിക്കുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മഹിളാ സംഗമം. വർഗീയതയ്ക്കും ജാതിമത വിദ്വേഷം പരത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനുമുള്ള സ്ത്രീശക്തിയുടെ വിളംബരമായി മാറി രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത കൂട്ടായ്മ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.

സ്ത്രീശക്തി വിളംബരം ചെയ്യുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ലയിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീകളെയും ആദരിച്ചു. പത്തനംതിട്ട ജില്ലക്കാരിയായ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും മുൻ ഗവർണറുമായ ജ. ഫാത്തിമാ ബീവിയെ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി, സി എസ് സുജാത, എസ് നിർമലാ ദേവി, കോമളം അനിരുദ്ധൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.

പൊതുസമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൂസൻ കോടി അധ്യക്ഷയായി.
മന്ത്രി വീണാ ജോർജ്, മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് പി കെ ശ്രീമതി, ദേശീയ ജോയിന്റ് സെക്രട്ടറി കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറി സി. എസ്. സുജാത, വനിതാ കമീഷൻ ചെയർപേഴ്സൺ പി. സതീദേവി, ദേശീയ ജോയിന്റ് സെക്രട്ടറി എൻ സുകന്യ, സംസ്ഥാന ട്രഷറർ ഇ. പത്മാവതി, വൈസ് പ്രസിഡണ്ട് കോമളം അനിരുദ്ധൻ, സിപിഐ (എം) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നാലിന് തുടങ്ങിയ സംഗമം രാത്രി 12ന് സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്താണ് സമാപിച്ചത്.

