എം വിന്‍സെന്‍റ് എംഎല്‍എക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി

എം വിന്‍സെന്‍റ് എംഎല്‍എക്കെതിരെ ഒരു കൂട്ടം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി സ്ത്രീ പീഡനത്തില്‍ പ്രതിയായ വിന്‍സെന്‍റിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് നേതാക്കൾ കത്തയച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുന്‍ഷി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് വിന്‍സെന്‍റ് പാര്‍ട്ടിയെ തളര്‍ത്തിയെന്ന ആരോപണവും പരാതിയിലുണ്ട്. മുന്‍ കെപിസിസി അംഗങ്ങള്‍ അടക്കമാണ് പരാതി നൽകിയത്.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, അടൂര്‍ പ്രകാശ് അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നും പരാതിയിൽ പറയുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനു പകരം ഇപ്പോഴും വിഘടിപ്പിച്ച് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ് എംഎൽഎ ചെയ്യുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

ആദ്യ തവണ എംഎല്‍എ ആയപ്പോള്‍ എം വിന്‍സന്‍റ് ഒരു വീട്ടമ്മയോട് കാണിച്ച ലൈംഗിക അതിക്രമം പാര്‍ട്ടിയെ തളര്‍ത്തി. ഇതിന്‍റെ പേരിൽ ഒരുമാസത്തിലധികം ഇദ്ദേഹം ജയിൽ വാസം അനുഭവിച്ചത് അടക്കം കോണ്‍ഗ്രസിന്‍റെ പേരിന് ഏറെ കളങ്കം വരുത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് വന്ന ലൈംഗിക ആരോപണങ്ങള്‍ കോണ്‍ഗ്രസിനുണ്ടാക്കിയ മുറിവ് ആഴമേറിയതാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇതുപോലെ സ്ത്രീ വിഷയങ്ങളില്‍ പ്രതിസ്ഥാനത്ത് നില്കുന്നവരെ ദയവായി മത്സര രംഗത്ത് നിന്ന് ഒഴിവാക്കി തരണമെന്നാണ് പരാതിയിൽ നേതാക്കൾ അഭ്യർഥിക്കുന്നത്.

