KOYILANDY DIARY.COM

The Perfect News Portal

മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; രക്ഷിച്ചയാളെ 20കാരന്‍ വെട്ടിക്കൊന്നു

കൊല്ലം: മദ്യലഹരിയില്‍ ആത്മഹത്യാഭീഷണി മുഴക്കി തീവണ്ടിപ്പാളത്തില്‍ കിടന്നയാളെ രക്ഷപ്പെടുത്തിയ വ്യക്തിയെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് (42) ആണ് മരിച്ചത്. കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടിയാണ് കൊന്നത്. അമ്പാടിയെ വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടയിൽ ഇയാൾ സുരേഷിനെ പിന്നിൽ നിന്ന് വെട്ടുകയായിരുന്നു. 

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി 11.30യോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി 7.30യോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു.

തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

Advertisements

 

Share news