KOYILANDY DIARY.COM

The Perfect News Portal

പുലി ഭീതിയില്‍ കോഴിക്കോട് തോട്ടുമുക്കത്തെ പ്രദേശവാസികള്‍

പുലി ഭീതിയില്‍ കോഴിക്കോട് തോട്ടുമുക്കത്തെ പ്രദേശവാസികള്‍. കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസിയായ മാത്യുവിന്റെ വീട്ടിലെ നായയെ പുലി കൊന്നതായി സംശയം ഉയർന്നതോടെയാണിത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 11.30 ഓടെയാണ് കൊടിയത്തൂര്‍ സ്വദേശി മാത്യുവിന്റെ വീട്ടിലെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള നായയെ ചത്ത നിലയില്‍ കണ്ടത്.

നായയെ ബന്ധിച്ച ചങ്ങലയില്‍ തല മാത്രമാണ് അവശേഷിച്ചത്. നായയുടെ കുര കേട്ട് നോക്കിയ വീട്ടുകാര്‍ പുലിയെന്ന് സംശയിക്കുന്ന ജീവി നായയെ ആക്രമിക്കുന്നത് കാണുകയും ചെയ്തു. ഇതോടെ നാട്ടുകാരും ഭീതിയിലായി.നായയെ കൊന്നത് പുലി തന്നെയെന്ന് ഉറപ്പിച്ചു പറയുകയാണ് നാട്ടുകാര്‍. പീടികപ്പാറ ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസര്‍ പി സുബീറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് പതിഞ്ഞ മൃഗത്തിന്റെ കാല്‍പ്പാടുകള്‍ പുലിയുടെതാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. മേഖലയില്‍ സി സി ടി വി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Share news