KOYILANDY DIARY

The Perfect News Portal

ദുഷ്‌കരമായ സാമ്പത്തിക സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങളെ ചേർത്തുപിടിച്ചു; മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം: ദുഷ്‌കരമായ സാമ്പത്തിക സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഒരു കുറവും വരുത്താതിരിക്കാനാണ്‌ സർക്കാർ ശ്രമിച്ചതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഈ വർഷം മൂന്നുമാസത്തിനിടയിൽ വികസന ഫണ്ടായി 1904 കോടിയും സംരക്ഷണ ഫണ്ടായി 1,377 കോടിയും അനുവദിച്ചു. 2016–-17ൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ബജറ്റ്‌ വിഹിതം 2016–-17ൽ 22 ശതമാനമായിരുന്നത്‌ ഈ വർഷമാകുമ്പോൾ 28.5 ശതമാനമായി വർധിപ്പിച്ചു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ 2023-–-24 ൽ ട്രഷറി ക്യൂവിലായ തുകയോ 20 ശതമാനം ക്യാരിഓവറോ, ഏതാണോ കൂടുതൽ അത്‌ ഈ സാമ്പത്തിക വർഷം തദ്ദേശസ്ഥാപനങ്ങൾക്ക്‌ ക്യാരി ഓവറായി അനുവദിക്കുന്നത്‌ പരിശോധിക്കുമെന്നും സഭാനടപടികൾ നിർത്തിവെച്ച്‌ ചർച്ചചെയ്യണമെന്ന ടി സിദ്ദിഖിന്റെ ഉപക്ഷേപത്തിനു മന്ത്രി മറുപടി നൽകി.

 

ചരിത്രത്തിൽ മായാതെ 
യുഡിഎഫ്‌ സർക്കാറിന്റെ  പാതകങ്ങൾ 
കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷംകൊണ്ട്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 19,792 കോടി രൂപയാണ്‌. ഒന്നാം പിണറായി സർക്കാർ, 34,175.85 കോടിയും ഈ സർക്കാർ ഇതുവരെ 21,571.82 കോടിയും നൽകി. എസ്‌സി–-എസ്‌ടി വിഭാഗങ്ങൾക്കുള്ള തുക വെട്ടിക്കുറച്ചിട്ടില്ല. ധനകാര്യ കമീഷൻ ഗ്രാന്റ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാതെ പിടിച്ചുവയ്‌ക്കുകയാണ്‌ കേന്ദ്രം. 24 നഗരസഭകൾക്ക്‌ ഗ്രാന്റായി ചില്ലിക്കാശ്‌ അനുവദിച്ചിട്ടില്ല.

Advertisements

 

ജില്ലാ കൗൺസിലുകളെ പിരിച്ചുവിട്ടതും ജനകീയസൂത്രണത്തോടുള്ള സമീപനവുമടക്കം അധികാര വികേന്ദ്രീകരണത്തോട്‌ യുഡിഎഫ്‌ കാണിച്ച പാതകങ്ങൾ ചരിത്രത്തിൽ മായാതെ കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെതുടർന്ന്‌ ഉപക്ഷേപത്തിന്‌ സ്‌പീക്കർ അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.