തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് നിലനിർത്തി എൽഡിഎഫ്

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു. ശ്രീവരാഹത്ത് കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വി ഹരികുമാർ(58) സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി), ബി സുരേഷ് കുമാർ(യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.

കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കുലശേഖരപുരം കൊച്ചുമാംമൂട്, പത്തനംതിട്ട കുമ്പഴ നോർത്ത്, കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്, കൊല്ലം ക്ലാപ്പന പ്രയാർ തെക്ക് ബി വാർഡ്, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു.

ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം എൽഡിഎഫ് ആറിടത്തും, യുഡിഎഫ് രണ്ടിടത്തും എൻഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

