KOYILANDY DIARY.COM

The Perfect News Portal

ലോൺ ആപ്പ് തട്ടിപ്പ്: കേരളത്തിലെ കേസിൽ ആദ്യത്തെ അറസ്റ്റ് നടത്തി ഇഡി

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേരളത്തിലെ കേസില്‍ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്‍റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നീ നാലു ചെന്നൈ സ്വദേശികളെയാണ് ഇഡി അറസ്റ്റ് ചെയ്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത പത്ത് കേസുകളിൽ ഒന്നിലാണ് ഇ ടിയുടെ ആദ്യത്തെ അറസ്റ്റ് നടന്നിരിക്കുന്നത്. ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തു, ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്‍റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കി, മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടി തുടങ്ങിയ കാര്യങ്ങളും ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസന്വേഷണം നടത്തിയത്. കതിരവന്‍ രവിയുടെ അക്കൗണ്ടില്‍ 110 കോടി രൂപയാണ് ഇഡി കണ്ടെത്തിയത്. അതില്‍ 105 കോടിയും പോയിരിക്കുന്നത് ബോംബെ ആസ്ഥാനമായ ഒരു കമ്പനിയിലേയ്ക്കാണ്. അത്തരത്തില്‍ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇവരുടെ ലോൺ ആപ്ലിക്കേഷൻ ആര് ഡൗൺലോഡ് ചെയ്താലും ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലേക്ക് നുഴഞ്ഞു കയറാനാകും.

 

ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ ശേഖരിക്കുകയും ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ആദ്യം ചെറുതും പിന്നീട് വലിയ തുകകളും നൽകും. ലോണ്‍ തുക കൂടുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാത്ത ആളുകളെ അവരുടെ ചിത്രങ്ങൾ അടക്കം വെച്ച് ഭീഷണിപ്പെടുത്തും. ഇത്തരം ലോണ്‍ ആപ്പ് തട്ടിപ്പുകേസില്‍ രണ്ട് ആത്മഹത്യാകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുദിവസത്തെ കസ്റ്റഡിയിലേയ്ക്ക് ഇവരെ നല്‍കിയിരിക്കുന്നത്.

Advertisements
Share news