KOYILANDY DIARY.COM

The Perfect News Portal

കേരള നിയമസഭയുടെ ‘നിയമസഭാ അവാർഡ്’ സാഹിത്യകാരൻ എം. മുകുന്ദന്

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള നിയമസഭ നൽകുന്ന ‘നിയമസഭാ അവാർഡ്’ സാഹിത്യകാരൻ എം. മുകുന്ദന്. 2025 ജനുവരി 7ന് ആരംഭിക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വേദിയിൽ വെച്ച് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യകാരൻ എം. മുകുന്ദന് സമ്മാനിക്കും.

ജനുവരി 7ന് 3 മണി മുതൽ 4 മണി വരെ വെന്യൂ ഒന്നിൽ സംഘടിപ്പിക്കുന്ന ” മീറ്റ് ദി ഓതർ ” പരിപാടിയിൽ തുടർന്ന് അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. പ്രശസ്ത എഴുത്തുകാരൻ എൻ. ഇ. സുധീർ അദ്ദേഹത്തോടോപ്പം വേദി പങ്കിടും.

 

പ്രശസ്ത മലയാള സാഹിത്യകാരനായ എം. മുകുന്ദന്‍ 1942 ൽ സെപ്റ്റംബർ 10 ന് കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉദ്യോഗത്തിൻ്റെ ഭാഗമായി അദ്ദേഹം ദില്ലിയിൽ താമസമായി. അങ്ങനെ ദില്ലി ജീവിതവും മുകുന്ദൻ്റെ തൂലികയിലെ സാഹിത്യ സൃഷ്ടികളായി.

Advertisements

 

ഈ ലോകം, അതിലൊരു മനുഷ്യന്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന കൃതിയ്ക്ക് എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിൻ്റെ വികൃതികള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്‌കാരവും നേടി.

 

 

സാഹിത്യരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്‍മെൻ്റിൻ്റെ ഷെവലിയര്‍ അവാര്‍ഡ് (1998) ലഭിച്ചിട്ടുണ്ട്. ദില്ലിയിലെ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേശവൻ്റെ വിലാപങ്ങള്‍ എന്ന നോവല്‍ 2003-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനുവരി ഏഴിനു നടക്കുന്ന പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

Share news