KOYILANDY DIARY

The Perfect News Portal

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ പി ജയരാജൻ

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വീണ്ടും തർക്കം എന്ന നിലയിൽ പി കെ മണികണ്ഠൻ്റെ പേരിൽ നൽകിയ വാർത്തയ്ക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ തുറന്നടിച്ചുവെന്ന് റിപ്പോർട്ടർ തട്ടി വിട്ടിട്ടുണ്ട്. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടർക്ക് എങ്ങനെ വിവരം കിട്ടി.

 

ഇത്തരത്തിൽ ഭാവനാ വിലാസം നടത്തി വാർത്ത തയ്യാറാക്കിയത് സിപിഐ എമ്മിനെയും ജനറൽ സെക്രട്ടറിയെയും എന്നെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ വ്യക്തിഹത്യ നടത്താനും സിപിഐ എമ്മിനെ താറടിച്ചു കാണിക്കാനും തുടർച്ചയായി ഇത്തരം വാർത്തകൾ മാതൃഭൂമി കൃത്രിമായി സുഷ്ടിച്ചു വരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ സൃഷ്ടിയും. സാമ്പത്തിക താൽപര്യത്തോടെയുള്ള പെയ്ഡ് ന്യൂസ് ആണെന്ന് കരുതേണ്ടിയിരിക്കുന്നു.

Advertisements

 

ഈ സാഹചര്യത്തിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കും. എന്നിട്ടും തിരുത്തുന്നില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് കടക്കുമെന്നും ഇ പി പ്രസ്താവനയിൽ അറിയിച്ചു. വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജ്മെൻ്റിന് കത്ത് നൽകുമെന്നും അറിയിച്ചു.