KOYILANDY DIARY

The Perfect News Portal

ആർഎസ്എസ്സിനെതിരെ പൊരുതാൻ ഇടതുപക്ഷത്തിന് കോൺഗ്രസ് സർട്ടിഫിക്കറ്റ് വേണ്ട; മുഖ്യമന്ത്രി

മലപ്പുറം: മോദിയുടെ തെറ്റായ നയങ്ങൾക്കും ആർഎസ്എസ്സിനുമെതിരെ പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കുമുന്നിൽ കുനിഞ്ഞു വിളക്കുകൊളുത്തിയവരും ആർഎസ്എസ്സിന്റെ വോട്ട്‌ ഇരന്നുവാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം. മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന രാഹുൽ ഗാന്ധിയുടെയും വി ഡി സതീശന്റെയും ചോദ്യം വിരോധാഭാസമാണ്‌.

ആർഎസ്‌എസ്സിനെ പേടിച്ച്‌, സ്വന്തം പാർടിയുടെയോ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നുനിന്ന് വോട്ടുചോദിക്കാൻപോലും കഴിവില്ലാത്തവരാണിത്‌ പറയുന്നത്‌. കേരള മുഖ്യമന്ത്രി കോൺഗ്രസിനെമാത്രം വിമർശിക്കുന്നുവെന്നാണ്‌ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്‌. കോൺഗ്രസിനെതിരെ ഒന്നും പറയരുതെന്ന മാനസികാവസ്ഥയിൽനിന്നാണ്‌ അതുവരുന്നത്‌.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തെ നിരവധി നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസ്‌ നേതാവിനെ പ്രക്ഷോഭത്തിൽ കണ്ടോ. ആരെങ്കിലും അറസ്റ്റിലായോ. കേരളത്തിൽനിന്ന്‌ ജയിച്ചുപോയ 18 പേരിൽ ആരെയെങ്കിലും കണ്ടോ. പ്രക്ഷോഭ ദിവസം കോൺഗ്രസ്‌ അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണാൻപോയ എംപിമാരുണ്ട്‌. സീതാറാം യെച്ചൂരിയുടെ പേര്‌ കുറ്റപത്രത്തിൽ വന്നു. ഏതെങ്കിലും കോൺഗ്രസ്‌ നേതാക്കളുടെ പേരുണ്ടെങ്കിൽ രാഹുൽ ഗാന്ധി പറയട്ടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ സമരത്തിൽനിന്ന്‌ കോൺഗ്രസ്‌ എന്തുകൊണ്ട്‌ പിന്മാറി.

Advertisements

 

ജമ്മു കശ്‌മീരിലെ കത്വയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗംചെയ്തു കൊന്ന കേസിലെ പ്രതികളെ പരസ്യമായി ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും മുന്നിൽനിന്ന അന്നത്തെ ബിജെപി മന്ത്രിയായ ചൗധരി ലാൽസിങ്ങിനെ ജോഡോയാത്രയുടെ സമാപനവേദിയിലേക്ക്‌ ആനയിക്കാൻ ഒരു മനഃസാക്ഷിക്കുത്തും രാഹുൽ ഗാന്ധിക്കുണ്ടായില്ല. ഇപ്പോൾ ഉധംപൂരിൽനിന്നുള്ള കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌ ചൗധരി ലാൽസിങ്‌. കോൺഗ്രസ്‌ ഭരണത്തിലുള്ള ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ഉറപ്പായി ജയിക്കാമായിരുന്നിട്ടും അതിനു കഴിയാത്ത പാർടിയാണത്‌.

 

ആറ്‌ കോൺഗ്രസ്‌ എംഎൽഎമാരാണ്‌ ബിജെപിക്ക്‌ വോട്ടുകുത്തി മനു അഭിഷേക്‌ സിങ്‌വിയെ തോൽപ്പിച്ചത്‌. അരുണാചലിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മത്സരിക്കുന്നതുൾപ്പെടെ 10 മണ്ഡലങ്ങളിൽ ബിജെപിയെ എതിരില്ലാതെ കോൺഗ്രസ്‌ ജയിപ്പിച്ചു. ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താതെയും നൽകിയ പത്രികകൾ പിൻവലിച്ചും കോൺഗ്രസ്‌ എന്തു രാഷ്ട്രീയമാണ് മുന്നോട്ടുവയ്‌ക്കുന്നതെന്നും പിണറായി ചോദിച്ചു. 

കോൺഗ്രസ്‌ നേതാക്കളിൽ പലരും ബിജെപിയിലേക്ക്‌ ടിക്കറ്റെടുത്തുനിൽക്കുന്നു
കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ഒഴുക്കിന് അവസാനമില്ലാത്ത സ്ഥിതിയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് ചാടുന്നത് വാർത്തയല്ലാതായിരിക്കുന്നു. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ മക്കളിൽത്തുടങ്ങി പലരും ബിജെപിയിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്‌. എൻഡിഎ സ്ഥാനാർത്ഥികളിൽ നാലിലൊന്നും മുൻ യുഡിഎഫുകാരാണ്.

Advertisements

മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി യുഡിഎഫ് നോമിനിയായി കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ ആളാണ്‌. എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി കോൺഗ്രസിന്റെ സംഭാവനയാണ്. കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും പിഎസ്‌സി ചെയർമാനായും ഇദ്ദേഹത്തെയാണ് കോൺഗ്രസ്‌ നിയോഗിച്ചത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രിയുടെ മകനും ആ പാർടിയുടെ ഐടി സെൽ തലവനുമായിരുന്നു. കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത്‌ കോൺഗ്രസിനുവേണ്ടി മത്സരിച്ചയാളാണ്‌. മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തട്ടിക്കൂട്ട്‌ സർവേകളെ ജനം ചവറ്റുകുട്ടയിലിടും: പിണറായി തട്ടിക്കൂട്ട്‌ സർവേ റിപ്പോർട്ടുകളും വ്യാജവാർത്തകളും വായിച്ച്‌ രാഷ്ട്രീയ നിലപാടെടുക്കുന്ന ശീലം കേരളത്തിലെ ജനങ്ങൾക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവേകളെ ചവറ്റുകുട്ടയിലിട്ട്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഇക്കുറിയും നാട് എൽഡിഎഫിനൊപ്പം നിൽക്കും. വിശ്വാസ്യതയില്ലെന്നറിഞ്ഞിട്ടും തട്ടിക്കൂട്ടി പുറത്തുവിടുന്ന സർവേ റിപ്പോർട്ടുകളുടെ ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്‌. പെയ്ഡ് വാർത്തപോലെയാണോ സർവേകൾ എന്നാണ്‌ ഉയരുന്ന സംശയമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ മനോരമ സർവേയിൽ തോൽപ്പിച്ചവർ പലരും ഇന്ന്‌ മന്ത്രിമാരാണ്‌. മനോരമയുടെ സ്നേഹം യുഡിഎഫിനോടുമാത്രമല്ല, ബിജെപിയോടുമുണ്ട്‌.

തെരഞ്ഞെടുപ്പുകളിൽ ചില മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കാറുണ്ട്. മനോരമയാണ് മുന്നിൽ. അർധസത്യങ്ങളും അതിശയോക്തികളും നിരന്തരം പ്രചരിപ്പിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം വലതുപക്ഷത്തിനായി പത്രത്തിന്റെ മുക്കാൽഭാഗവും മാറ്റിവയ്‌ക്കും. എൽഡിഎഫ്‌ വാർത്തകൾ നല്ലതോതിൽ തമസ്കരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാലത്ത്‌ 15 മണ്ഡലങ്ങളിലായി കേന്ദ്ര സർക്കാരിനും ആർഎസ്എസ്സിനുമെതിരെ ശക്തമായ രാഷ്ട്രീയ എതിർപ്പുയർത്തിയായിരുന്നു എന്റെ പ്രസംഗം. അതിലെ അത്തരം കാര്യങ്ങൾ മനോരമ കൊടുത്തില്ല.

Advertisements

എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗ വാർത്തയുടെ തലക്കെട്ട്‌ അവർ കൊടുത്തത്, ‘മോദിയെ എതിർക്കൂ; പിണറായിയോട് രാഹുൽ’ എന്നാണ്. അതായത് നരേന്ദ്ര മോദിയെ പിണറായി വിജയൻ എതിർക്കുന്നില്ല എന്ന പ്രതീതിയുണ്ടാക്കണം. അതിനാണ്‌ എന്റെ പ്രസം​ഗത്തിലെ അത്തരം കാര്യങ്ങൾ കൊടുക്കാതിരുന്നത്‌. ആർഎസ്എസ്സിനോടും നരേന്ദ്ര മോദിയടക്കമുള്ളവരോടുമുള്ള ഞങ്ങളുടെ നിലപാട്  ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു കോൺഗ്രസ്‌ നേതാവിന്റെയും മനോരമയുടെയും ശുപാർശവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.