KOYILANDY DIARY.COM

The Perfect News Portal

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്‌ പ്രശംസ

കോഴിക്കോട്‌: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്‌ പ്രശംസ..  നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നതായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ നടന്ന സർവകക്ഷി അവലോകന യോഗം വിലയിരുത്തി. നിപാ പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടിയെ പ്രതിപക്ഷ കക്ഷി നേതാക്കൾ ഉൾപ്പെടെ പ്രശംസിച്ചു.
 
തുടക്കം മുതൽ ആരോഗ്യവകുപ്പ് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നതെന്ന്‌ കെ മുരളീധരൻ എംപി പറഞ്ഞു. നിപാ സംശയിക്കപ്പെട്ട ഘട്ടത്തിൽത്തന്നെ സർക്കാരും ജില്ലാ ഭരണകേന്ദ്രവും സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം എ റസാഖ്‌ പറഞ്ഞു. വിഷയം അറിഞ്ഞ ഉടൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ്‌ റിയാസും ആരോഗ്യമന്ത്രി വീണാ ജോർജും നേരിട്ടെത്തി  പ്രവർത്തനം ഏറ്റെടുത്തത്‌ മാതൃകാപരമാണെന്നും അഭിപ്രായമുയർന്നു. നിപാ സ്ഥിരീകരിച്ച മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിൽനിന്നുള്ള യുഡിഎഫ്‌, ബിജെപി ജനപ്രതിനിധികളും പ്രശംസിച്ചു. 
ഭക്ഷണവും മരുന്നും 
ഉറപ്പാക്കും സർക്കാരും ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശം തദ്ദേശ സ്ഥാപനങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കണമെന്ന്‌ മന്ത്രി വീണാ ജോർജ്‌ നിർദേശിച്ചു. കൺട്രോൾ റൂം നമ്പർ ഉൾപ്പെടെ സർക്കാർ നൽകുന്ന നിർദേശങ്ങൾ  മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. വാർഡ് തല ആർആർടി വളണ്ടിയർമാർക്ക് ജില്ലാ ഭരണകേന്ദ്രം  തദ്ദേശ  സ്ഥാപനങ്ങൾവഴി ബാഡ്‌ജുകൾ നൽകും. ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സ ലഭിക്കേണ്ട രോഗികൾ നിയന്ത്രിത മേഖലയിലുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. വീടുകളിലെ സർവേ നടപടികൾക്കൊപ്പം ജനങ്ങളുടെ മാനസിക പിന്തുണയും ഉറപ്പാക്കണമെന്ന്‌ മന്ത്രി പറഞ്ഞു. 
തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ  പ്രതിരോധ പ്രവർത്തനവും നിർദേശങ്ങളും അവതരിപ്പിച്ചു. എല്ലാ വാർഡുകളിലും ആർആർടി അംഗങ്ങളെ നിയോഗിച്ചതായും നിയന്ത്രിത മേഖലയിലുള്ളവർക്ക്‌  ഭക്ഷണവും മരുന്നും ഉൾപ്പെടെ  ഉറപ്പുവരുത്തിയതായും  യോഗത്തിൽ അറിയിച്ചു.
രോഗബാധ സംശയിച്ചപ്പോൾ തന്നെ അടിയന്തര നടപടിആരംഭിച്ചത് നിർണായകമായതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.സർക്കാരിന്റെ ഫീൽഡ് പ്ലാൻ ഫലപ്രദമായിരുന്നു. കുറ്റ്യാടി, വടകര മേഖലയിലെ 58 വാർഡുകളിൽ സമ്പർക്ക വിലക്ക് ഏർപ്പെടുത്തി. ഒമ്പത് പഞ്ചായത്തുകളിലും യോഗംചേർന്ന് സൂക്ഷ്മതല പ്രവർത്തനം ആസൂത്രണംചെയ്തത് രോഗവ്യാപനം തടയുന്നതിൽ നിർണായകമായി.
58 വാർഡുകളിലെ 23,959 വീടുകളിലും ബോധവൽക്കരണം നടത്തി. എല്ലാ ആസൂത്രണങ്ങളും ഫലപ്രദമായി നടപ്പാക്കിയ ജനപ്രതിനിധികളെയും തദ്ദേശ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാർടി പ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരേയും സന്നദ്ധ പ്രവർത്തകരേയും മന്ത്രി റിയാസ്‌ അഭിനന്ദിച്ചു.
കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  വീണാ ജോർജ്‌, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി,  ഇ കെ വിജയൻ, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്,  കലക്ടർ എ ഗീത, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share news