കെഎസ്ഇബി വാഴക്കുലകൾ വെട്ടിയ സംഭവം: സർക്കാർ കർഷകന് 3.5 ലക്ഷം രൂപ കൈമാറി
കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ കൃഷി ചെയ്ത കുലച്ച വാഴകൾ കെഎസഇബി ജീവനക്കാർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകൻ തോമസിന് സർക്കാർ പണം കെെമാറി. നഷ്ടപരിഹാരമായി 3.5 ലക്ഷം രൂപ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആന്റണി ജോൺ എംഎൽഎ തോമസിന്റെ വീട്ടിലെത്തിയാണ് കൈമറിയത്. മുഖ്യമന്ത്രിയ്ക്കും കേരള സർക്കാരിനും എംഎൽഎക്കും തോമസ് നന്ദി പറഞ്ഞു. സഹായധനത്തിൽ പൂർണ്ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

വാരപ്പെട്ടിയിൽ കണ്ടംപാറ കാവുംപുറത്ത് തോമസിന്റെ നാന്നൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടിയത്. ഉയരത്തിൽ വളർന്ന വാഴകെെകൾ വെെദ്യുതി ലെെനിൽ തട്ടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ജീവനക്കാർ വാഴകൾ വെട്ടിയത്. എന്നാൽ ഓണവിപണി ലക്ഷ്യമിട്ട് വളർത്തിയ വാഴകൾ വെട്ടിയത് കനത്ത നഷ്ടമാണ് തോമസിനുണ്ടാക്കിയത്. ഇത് പരിഹരിക്കാൻ വെെദ്യുതി – കൃഷി മന്ത്രിമാർ ചർച്ച നടത്തിയാണ് നഷ്ടപരിഹാരം നൽകുവാൻ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ചന്ദ്രശേഖരൻ നായർ, തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ്, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, സി. ശ്രീകല, പ്രിയ സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല മോഹനൻ, എം പി ഐ ചെയർമാൻ ഇ. കെ. ശിവൻ, സിപിഐ (എം) ലോക്കൽ സെക്രട്ടറി എം. പി. വർഗീസ്, കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ സജി പൗലോസ്, തൊടുപുഴ ട്രാൻസ്മിഷൻ ഡെപ്പ്യൂട്ടി ചീഫ് എൻജിനീയർ അനിൽ കുമാർ ജി, കോതമംഗലം ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ റുഖിയ, സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ ജോൺസൺ മാനുവൽ, കൃഷി ഓഫീസർ ഇ. എം. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

